Sat. Nov 21st, 2026

കൊച്ചി: പി ഡി പി ചെയർമാൻ അബ്ദുൾ നാസിർ മഅ്ദനിക്ക് കേരളത്തിൽ വരാൻ വീണ്ടും അനുമതി നൽകി സുപ്രീം കോടതി. ഗുരതരാവസ്ഥയിലുള്ള പിതാവിനെ സന്ദർശിക്കാനാണ് സുപ്രീം കോടതി ഇന്ന് അനുമതി നൽകിയത്. കർണാടക പോലീസ് മഅ്ദനിയുടെ കൂടെയുണ്ടാകില്ല. 15 ദിവസത്തിലൊരിക്കൽ കൊല്ലം പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പിതാവിൻ്റെ രോഗത്തിന് പുറമെ, തൻ്റെ ഗുരുതര രോഗാവസ്ഥയും കർണാടക പോലീസിൻ്റെ ഭീമൻ ചെലവും അടക്കം ചൂണ്ടിക്കാട്ടിയാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലും അഡ്വ.ഹാരിസ് ബീരാനുമാണ് മഅ്ദനിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.


ഈ മാസം ആറിനാണ് പിതാവിനെ കാണാനാകാതെ മഅ്ദനി കേരളത്തിൽ നിന്ന് മടങ്ങിയത്. സുപ്രീം കോടതിയുടെ ഉത്തരവിന്മേൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടി ജൂൺ 27ന് ബെംഗളൂരുവിൽ നിന്ന് വിമാന മാർഗം അദ്ദേഹം എറണാകുളത്ത് എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം പിതാവിനെ കാണാൻ ശാസ്താംകോട്ടയിലെ കുടുംബ വസതിയിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹത്തിന് ആലുവ ഭാഗത്ത് വെച്ച് കടുത്ത ശാരീരികാസ്വസ്ഥതയും തുടർച്ചയായ ഛർദിയുമുണ്ടാകുകായിരുന്നു. ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടി. ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റമില്ലാത്ത തുടർന്ന സാഹചര്യത്തിൽ ചികിത്സിക്കുന്ന ഡോക്ടർമാർ യാത്ര വിലക്കി. ഇതോടെ, പിതാവിനെ കാണണമെന്ന ആഗ്രഹം നിറവേറ്റാനായില്ല.

കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതിനാൽ ആശുപത്രിയിൽ നിന്ന് നേരെ ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. ഇരുവൃക്കകളും തകർന്ന അവസ്ഥയിലാണ് മഅ്ദനിയുള്ളത്. ജാമ്യ വ്യവസ്ഥയിലെ ഉപാധി കാരണം ബെംഗളൂരു വിട്ടുപോകാൻ കഴിയാതെ തടങ്കലിന് സമാനമായാണ് മഅ്ദനി കഴിയുന്നത്.