മലപ്പുറം: അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് ഒന്നരക്കിലോയാേളം സ്വർണം കടത്താൻ ശ്രമിച്ച പൊന്നാനി സ്വദേശി അബ്ദുസലാമിനെ പൊലീസ് അറസ്റ്റുചെയ്തു. വിമാനത്താവളത്തിന് പുറത്തുവച്ചുനടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഒരുകോടിയോളം രൂപ വിലവരുന്ന സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
മസ്കറ്റിൽ നിന്നുളള വിമാനത്തിൽ ഇന്ന് പുലർച്ചെയാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ അബ്ദുസലാമിനെ ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. ചോദ്യംചെയ്തെങ്കിലും തന്റെ കൈയിൽ സ്വർണം ഇല്ലെന്നായിരുന്നു മറുപടി. ഇതോടെ ശരീരവും വസ്ത്രവും വിശദമായി പരിശോധിക്കുകയായിരുന്നു.
ഉൾവസ്ത്രം ഊരിപരിശോധിച്ചതോടെ അതിന് ഭാരക്കൂടുതൽ ശ്രദ്ധയിൽപ്പെട്ടു. അരക്കിലോയോളം തൂക്കമാണ് ഇതിനുണ്ടായിരുന്നത്. ഇത് കീറിപരിശോധിച്ചപ്പോൾ അകത്ത് സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചതാണെന്ന് വ്യക്തമായി.തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയിൽ ശരീരത്തിനുള്ളിൽ നാല് ക്യാപ്സൂളുകളിലാക്കി സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമായി. പിന്നീട് സ്വർണം പുറത്തെടുക്കാനുള്ള നടപടികൾ സ്വീകരിച്ചു. പിടിച്ചെടുത്ത സ്വർണം കോടതിയിൽ അടുത്തിടെയാണ് കരിപ്പൂരിൽ പൊലീസ് സ്വർണവേട്ട കർശനമാക്കിയത്. ഈ വർഷം ഇതുവരെ പൊലീസ് മാത്രം പിടികൂടിയത് 21 സ്വർണക്കടത്തുകളാണ് . കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന കടത്തുകാരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏറെയും പൊലീസ് പിടികൂടുന്നത്.


