നടിയെ ആക്രമിച്ച കേസിൽ കോടതി പറയാത്ത പക്ഷം ദിലീപ് കുറ്റക്കാരനാകില്ലെന്ന് നടൻ സലിം കുമാർ. ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് തന്നോട് പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
ദിലീപാണ് ശരിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും കോടതി വിധി വരാതെ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ലെന്നും സലിം കുമാർ പറഞ്ഞു. ‘കേസിനെക്കുറിച്ച് ദിലീപിനോട് നേരിട്ട് ചോദിച്ചിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. കുട്ടികളെ പിടിച്ച് സത്യം ചെയ്തു. അങ്ങനെയൊക്കെ പറയുമ്പോൾ എങ്ങനെ വിശ്വസിക്കാതിരിക്കാനാണ്. അദ്ദേഹമത് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ വിശ്വാസം ശരിയാകാം, തെറ്റാകാം.’- സലിം കുമാർ കൂട്ടിച്ചേർത്തു.
സലിം കുമാറിന്റെ ‘ഈശ്വര വഴക്കില്ലല്ലോ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി അടക്കമുള്ള താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.


