മുംബയ്: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ചിത്രം വാട്സാപ്പിൽ പ്രൊഫൈൽ ഫോട്ടോയാക്കിയ ആൾക്കെതിരെ മുംബയ് പൊലീസ് കേസെടുത്തു. മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന ആൾക്കെതിരെയാണ് കേസ്.
അമർജിത് സുർവെ എന്നയാളാണ് പരാതി നൽകിയത്. ഹിന്ദു സംഘടനയുടെ ഭാരവാഹിയാണ് ഇയാൾ. ഔറംഗസേബിന്റെ ചിത്രം വാട്സാപ്പിൽ നിന്ന് മാറ്റണമെന്ന് പ്രൊഫൈൽ ഫോട്ടോയാക്കിയ ആളോട് അമർജിത് ആവശ്യപ്പെട്ടിരുന്നു. ഫോട്ടോ മാറ്റാമെന്ന് പറഞ്ഞെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇയാൾ മാറ്റാൻ തയ്യാറായില്ല. തുടർന്ന് അമർജിത് പരാതി നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മതവികാരം മനഃപൂർവം വ്രണപ്പെടുത്തി. രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഔറംഗസേബിനെയും ടിപ്പു സുൽത്താനെയും മഹത്വവൽക്കരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അറിയിച്ച് ഹിന്ദുത്വ സംഘടനകൾ നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഔറംഗസേബിനെ പ്രകീർത്തിക്കുന്ന പോസ്റ്റ് ഫേസ്ബുക്കിൽ വന്നുവെന്ന് ആരോപിച്ച് കോലാപ്പൂരിൽ സംഘർഷമുണ്ടാവുകയും ഹിന്ദുത്വ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.


