ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍ രംഗത്ത്. പാർലമെന്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. ബിജെപിയുടെ പാർട്ടി ഓഫീസല്ല രാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണമാണ് ഇതിനെല്ലാം വിനിയോഗിക്കുന്നത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഗോത്ര വനിതായായ രാഷ്ട്രപതിയെ ചടങ്ങിൽ നിന്നും മാറ്റി നിർത്തി. ഉദ്ഘാടനത്തിന് തെരഞ്ഞെടുത്ത ദിനം തന്നെ തെറ്റാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
എന്തുകൊണ്ട്, അംബേദ്കറുടെയോ, മഹാത്മാ ഗാന്ധിയുടേയോ ഓർമ്മ ദിനങ്ങൾ തെരഞ്ഞെടുത്തില്ല ? സവർക്കറുടെ ദിനം തന്നെ തെരഞ്ഞെടുത്തതിൽ സവർണ വർഗീയ അജണ്ടയുണ്ട്. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളോട് ബി ജെ പി ക്ക് ബഹുമാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


