Tue. Nov 24th, 2026

ന്യൂഡല്‍ഹി: ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീംകോടതി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോള്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ അഞ്ചംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.


ജല്ലിക്കട്ടുമായി ബന്ധപ്പെട്ടുള്ള നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ തെറ്റുണ്ടെന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര സര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്‌നേഹികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി.

മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് ആനിമൽസ് (പെറ്റ) ഉൾപ്പടെ സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. കഴിഞ്ഞ ഡിസംബറിൽ സംഘടനകളുടെയും തമിഴ്നാട് സർക്കാരിന്റെയും വാദം പൂർത്തിയാക്കിയ സുപ്രീം കോടതി വിധി പറയൽ മാറ്റിവയ്‌ക്കുകയായിരുന്നു.