തിരുവനന്തപുരം: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഇന്ന് ഒരു വിവാദത്തിനില്ല. പ്രാദേശികമായ തര്‍ക്കത്തിന്റെ പേരില്‍ മാറി നില്‍ക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധിയുടെ വരവ് ഞാന്‍ കാരണം വിവാദത്തിലാകാന്‍ പാടില്ലെന്നും കെ. മുരളീധരന് പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് ഒരാളുടെയും ഉറപ്പ് ആവശ്യമില്ലെന്ന് മുരളീധരന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് കെ. മുരളീധരന് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെ. മുരളീധരന്റെ പ്രതികരണം. ഇന്ന് വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിക്കൊപ്പം സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുമുണ്ടാകും. കല്പറ്റയില് നടക്കുന്ന റോഡ് ഷോയിലും സമ്മേളനത്തിലും ഇരുവരും പങ്കെടുക്കും.


