ന്യൂഡൽഹി: ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് അനുചിതമായി പെരുമാറിയതായി ആക്ഷേപം. ദലൈലാമ ആൺകുട്ടിയെ ചുംബിക്കുന്ന വീഡിയോയാണ് വിവാദത്തിലായത്. വീഡിയോ ദൃശ്യത്തിൽ ദലൈലാമ ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്നതായി കാണാം. ഇതിനിടയിൽ അദ്ദേഹം നാക്ക് പുറത്തേയ്ക്ക് നീട്ടുകയും കുട്ടിയോട് വായ്ക്കുള്ളിലാക്കാനായി ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾക്ക് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലടക്കം നിരവധി പേർ വിമർശനവുമായി രംഗത്തെത്തി.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദലൈലാമയുടെ കുട്ടിയോടുള്ള പെരുമാറ്റം ചോദ്യം ചെയ്തും നിയമ നടപടി ആവശ്യപ്പെട്ടുമാണ് ഭൂരിഭാഗം പേരും രംഗത്തെത്തിയിരിക്കുന്നത്. ദലൈലാമയ്ക്ക് പെരുമാറ്റ ദൂഷ്യമുള്ളതായും കൂട്ടിയോടുള്ള അതിരുകടന്ന പെരുമാറ്റത്തിന് പീഡോഫീലിയയുടെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.
ടിബറ്റിൽ ജനിച്ച മംഗോളിയൻ ബാലനെ പത്താം ഖാൽഖ ജെറ്റ്സൺ ഥാംപ റിംപോച്ചെ ആയി ദലൈലാമ അടുത്തിടെ നാമകരണം ചെയ്തിരുന്നു. ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയർന്ന പദവിയിലേയ്ക്ക് ചൈനയുടെ അറിവോ സമ്മതമോ കൂടാതെ പുതിയ നോമിനിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദലൈലാമ പുതിയ വിവാദത്തിൽപ്പെടുന്നത്.
അതേസമയം ചൈനയിൽ ഇന്ത്യയിലേയ്ക്ക് രാഷ്ട്രീയ അഭയം നേടിയ ടിബറ്റിന്റെ ആത്മീയ നേതാവായ നിലവിലെ ദലൈലാമ ഇതിന് മുൻപും തന്റെ പെരുമാറ്റം മൂലം വിവാദത്തിൽപ്പെട്ടിരുന്നു. തന്റെ പിൻഗാമിയാകുന്നത് ഒരു സ്ത്രീയാണെങ്കിൽ, ആകർഷകയായിരിക്കണമെന്ന ദലൈലാമയുടെ പരമാർശം വിവാദമായിരുന്നു. 2019-ൽ വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ നടത്തിയ പരമാർശം പൊതു അമർഷത്തിന് കാരണമായി. പിന്നാലെ ദലൈമാമ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.


