✍️ സുരേഷ്. സി ആർ
“ജീവിതവും മരണവും ഏകമാണല്ലോ. കടലും പുഴയും ഒന്നാണെന്ന പോലെ.”–
ഗഹനമായ ആത്മീയതയും ജീവിതാനുഭൂതികളുടെ ലാളിത്യവും ഭാവഗീതാത്മകമായ ഭാഷയിൽ എഴുതിയിരുന്ന കവിയും ചിത്രകാരനുമായിരുന്നു ഖലീൽ ജിബ്രാൻ (1883 – 1931). സാഹിത്യകൃതികൾ പുറത്തിറങ്ങിയെങ്കിലും ജിബ്രാൻ അറിയപ്പെട്ടത് ചിത്രകാരൻ എന്ന നിലയിലാണ്.
തീവ്രമായ ആത്മദുഃഖത്തിന്റെ നിവേദനങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ആത്മീയതയും ആത്മീയശൂന്യതയും തമ്മിലുള്ള സംവാദങ്ങളും ആത്മീയാനുഭൂതികളുടെ ആവിഷ്കാരങ്ങളുമെല്ലാം നിറഞ്ഞ ആ കൃതികൾ വായനക്കാരെ ആകർഷിച്ചു.
പാശ്ചാത്യവും പൗരസ്ത്യവുമായ സംവേദനശീലങ്ങൾ സംലയിപ്പിക്കുന്ന ജിബ്രാൻ കൃതികളിൽ പൗരാണിക ദർശനവും ആധുനിക വിജ്ഞാനവും ഒന്നു ചേർന്നിരുന്നു. നാഗരികതയുടെ പ്രശ്നങ്ങളും ഗ്രാമജീവിതത്തിന്റെ സൗന്ദര്യവും അവയിൽ സമ്മേളിച്ചു.
കവിത നാവിന്റെ മാത്രമല്ല, ഹൃദയത്തിന്റെ ആവിഷ്കാരമാണെന്നു വിശ്വസിച്ച അദ്ദേഹം തേടിയത് ഹൃദയത്തിന്റേതായ ഒരു മതമായിരുന്നു. സമൂഹം നമ്മിൽ അടിച്ചേല്പിക്കുന്ന വിശ്വാസ സംഹിതകളെ തച്ചുടക്കാനുള്ള ശക്തി അദ്ദേഹത്തിന്റെ രചനകളിലെ സ്നേഹമെന്ന സത്യത്തിനുണ്ട്.

സാഹിത്യ രാഷ്ട്രീയ രംഗത്തെ വിമതനായിട്ടാണ് ഇന്നും അറബ് ലോകം അദ്ദേഹത്തെ കണക്കാക്കുന്നത്. ഗദ്യകവിതകൾ എന്ന ശാഖ തന്നെ ജിബ്രാന്റെ സംഭാവനയാണ്.
ലബനിൽ ബ്ഷാറി പർവത ഗ്രാമത്തിൽ ജനനം. ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുടുംബാന്തരീക്ഷം.1894-ൽ പർവതമേഖലയിലെ ദുരിതജീവിതത്തിൽ നിന്നു രക്ഷപ്പെടാനായി അമ്മയോടൊപ്പം അമേരിക്കയിലേക്കു കുടിയേറി. ചിത്രകലയിലുള്ള താത്പര്യം ഫ്രെഡ് ഹോളണ്ട് – ഡേ എന്ന ചിത്രകാരനായ ഫോട്ടോഗ്രാഫറുടെ അടുത്തെത്തിച്ചു. ഫോട്ടോഗ്രാഫിയും ചിത്രകലയും കൂട്ടിയിണക്കി കലാപരീക്ഷണങ്ങൾ നടത്തിയിരുന്ന ഹോളണ്ട് – ഡേയുടെ നിരവധി ചിത്രങ്ങൾക്ക് മോഡലായത് ജിബ്രാനാണ്.
വിഷാദം, ജീവിതത്തെ പിടികൂടിയപ്പോഴാണ് എഴുത്തിലേക്ക് തിരിഞ്ഞത്. 1906-ൽ, മൂന്ന് ചെറുകഥകൾ അടങ്ങിയ ‘താഴ്വരയിലെ അപ്സരസ്സുകൾ’ എന്ന സമാഹാരമാണ് ആദ്യ കൃതി.
1908-ൽ, പ്രസിദ്ധീകരിച്ച ‘പ്രതിഷേധിക്കുന്ന ആത്മാക്കൾ’ മതാചാരങ്ങളേയും പക്ഷപാതപരമായ സാമൂഹ്യനീതികളേയും കർക്കശമായി വിമർശിച്ചു എന്ന കാരണത്താൽ വിവാദങ്ങൾക്കും നിരോധനങ്ങൾക്കും വഴിയൊരുക്കി.
1918-ൽ പുറത്തുവന്ന ദൃഷ്ടാന്ത കഥകളുടെ സമാഹാരമായ ‘ഭ്രാന്തൻ’ ആണ് ആദ്യ ഇംഗ്ലീഷ് കൃതി. 1923-ൽ പ്രസിദ്ധീകരിച്ച ‘പ്രവാചകൻ’ അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം നൽകി.
അനിതരസാധാരണമായ ശില്പഭംഗിയും ഭാവഗാംഭീര്യവും മുഖമുദ്രയായ ഈ കൃതി പുസ്തകങ്ങളിലെ ഉജ്ജ്വലനക്ഷത്രമായി വിശേഷിപ്പിക്കപ്പെടുന്നു. സ്നേഹമാണ് പരമമായ ചൈതന്യത്തിലെത്തിക്കുക എന്ന് പ്രവാചകൻ ഉദ്ഘോഷിക്കുന്നു. ലോകത്തിലെ എല്ലാ ഭാഷകളിലും തർജ്ജമ ചെയ്യപ്പെട്ട പ്രവാചകൻ ടാഗോറിന്റെ ഗീതാഞ്ജലിക്കു ശേഷം കിഴക്കിന്റെ വലിയ സംഭാവനയായി കരുതപ്പെടുന്നു.
1920-ൽ അറബി സാഹിത്യത്തെ പ്രോത്സാഹിപ്പിക്കാൻ ഏതാനും സിറിയൻ എഴുത്തുകാരോടൊപ്പം ചേർന്ന് ‘ദ പെൻ സൊസൈറ്റി’ എന്ന സാഹിത്യ സംഘം സ്ഥാപിച്ചു.
ഒടിഞ്ഞ ചിറകുകൾ, ഒരു കണ്ണീർക്കണവും ഒരു പുഞ്ചിരിയും, ഘോഷയാത്രാഗീതം, മണലും പതയും, അലഞ്ഞു നടക്കുന്നവൻ, പ്രവാചകന്റെ ഉദ്യാനം, പ്രവാചകന്റെ മരണം, കണ്ണീരും പുഞ്ചിരിയും, പുരോഗാമി, ശ്മശാന ഭൂമി എന്നിവയാണ് മറ്റു പ്രധാന കൃതികൾ.


