Sun. Nov 22nd, 2026

തിരുവനന്തപുരം: മോഹൻലാലുമായി അത്ര നല്ല ബന്ധത്തിൽ അല്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ പറഞ്ഞു. അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കും മുമ്പ് എല്ലാം തുറന്നെഴുതുമെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ മോഹൻലാലിനെതിരെ ആഞ്ഞടിച്ചത്. ഡോ. സരോജ് കുമാർ എന്ന സിനിമ സംവിധായകൻ രാജീവ് നാഥിൽ നിന്നുള്ള അനുഭവത്തിൽ എഴുതിയതാണെന്നും ശ്രീനിവാസൻ പറഞ്ഞു.

അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ മോഹൻലാൽ. ശ്രീനിവാസനെ ചുംബിക്കുന്നതായ സംഭവം ഓർത്തെടുത്ത ശ്രീനിവാസൻ മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് പരിഹസിച്ചു. ഡോ. സരോജ്കുമാർ എന്ന കഥാപാത്രം മോഹൻലാലിന്റെ സ്പൂഫ് ആയിരുന്നില്ലേയെന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു മറുപടി.


മോഹന്‍ലാല്‍ പ്രേം നസീറിനോട് കാണിച്ച വഞ്ചനയെ കുറിച്ചും ശ്രീനിവാസന്‍ പറയുന്നു. മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ വയസാന്‍ കാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയില്ലേ എന്നാണ് നടന്‍ പറഞ്ഞത് എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

ശ്രീനിവാസന്റെ വാക്കുകള്‍: ‘കടത്തനാടന്‍ അമ്പാടി’ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് തനിക്ക് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പ്രേം നസീര്‍ പറഞ്ഞത്. എന്നോട് നല്ല കഥ ആലോചിക്കണമെന്നും പറഞ്ഞു. എന്നാല്‍ ഒരു ദിവസം മോഹന്‍ലാല്‍ തന്നോട് പറഞ്ഞു, ‘നസീര്‍ സാര്‍ എന്നെ വച്ച് ഒരു പടം സംവിധാനം ചെയ്യാനുള്ള പരിപാടിയിലാണ്. വയസുകാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേ’ എന്നാണ്. ലാലിന് ഇഷ്ടമല്ലെങ്കില്‍ പറഞ്ഞാല്‍ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചു.

പെട്ടെന്ന് പറയാന്‍ പറ്റില്ല എന്നായിരുന്നു ലാലിന്റെ മറുപടി. നടരാജന്‍ എന്നയാളാണ് ആ പടത്തിന് വേണ്ടി നടക്കുന്നത്. നസീര്‍ സാറിന്റെ സിനിമയായതിനാല്‍ മോഹന്‍ലാല്‍ അത് ചെയ്യും എന്നാണ് എല്ലാവരും കരുതിയിരുന്നത്. ഒരു ദിവസം നടരാജന്‍ വന്ന് എന്നോട് പറഞ്ഞു, ലാല്‍ തട്ടിക്കയറിയെന്ന്. ‘ഇതുവരെ കഥയായിട്ടില്ലല്ലോ ഞാന്‍ ഏത് സിനിമയില്‍ അഭിനയിക്കണമെന്നാണ് പറയുന്നത് എന്നൊക്കെ ചോദിച്ച് ദേഷ്യപ്പെട്ടു’ എന്ന് പറഞ്ഞു. അപ്പോള്‍ താന്‍ ഒരു കഥ പറഞ്ഞു. ആ കഥയാണ് പിന്നീട് സന്ദേശമായത്.


അപ്പോള്‍ തന്നെ നടരാജന്‍ മോഹന്‍ലാലിനെ പോയി കണ്ട് കഥ പറഞ്ഞു. വൈകുന്നേരമായപ്പോള്‍ മോഹന്‍ലാല്‍ എന്നെ വിളിച്ച് എന്ത് ചതിയാടോ താന്‍ ചെയ്തത് എന്ന് പറഞ്ഞു. ‘ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടെ. കഥയാവുമ്പോള്‍ എന്റെ അടുത്ത് പറയണ്ടേ’ എന്ന് പറഞ്ഞു. ലാലിന്റെ കല്യാണ നിശ്ചയത്തിന്റെ ദിവസം നസീര്‍ സാര്‍ ഒരു ചെക്ക് എഴുതി ലാലിന്റെ അടുത്തെത്തി. അഡ്വാന്‍സ് കൊടുത്തു. പുള്ളിക്ക് വാങ്ങേണ്ടി വന്നു.

ഇതൊക്കെ കഴിഞ്ഞ് അധിക കാലം കഴിയുന്നതിന് മുമ്പായിരുന്നു നസീര്‍ സാറിന്റെ മരണം. അടുത്ത ദിവസത്തെ പേപ്പര്‍ നോക്കുമ്പോള്‍ നസീറിനെ പുകഴ്ത്തിക്കൊണ്ടുള്ള ലാലിന്റെ കുറിപ്പ്. ‘അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ഏറ്റവും വലിയ മോഹമായിരുന്നു’ എന്നാണ് അതില്‍ എഴുതിയിരുന്നത്. ഹിപ്പോക്രസിയുടെ ഹൈറ്റ്. എന്നാല്‍ അത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ പൊട്ടിത്തെറിച്ചു. ഹിപ്പോക്രസിക്ക് ഒരു പരിധിയുണ്ടെന്ന് പറഞ്ഞു.