Fri. Sep 18th, 2026

✍️  സുരേഷ്. സി ആർ

സാഹിത്യനിരൂപകനും രാഷ്ട്രീയചിന്തകനും ശ്രദ്ധിക്കപ്പെട്ട പത്രപ്രവർത്തകനുമായിരുന്നു തായാട്ട് ശങ്കരൻ(1926 -1985). അദ്ദേഹത്തിന്റെ ചിന്തകളെ എന്നും മഥിച്ചത് രാഷ്ട്രീയമായിരുന്നു. പത്രപ്രവർത്തനം അതിന്റെ പ്രകടിത രൂപമായിരുന്നു. പല പ്രസിദ്ധീകരണങ്ങളിൽ മാറിമാറി എഴുതിപ്പോന്ന രാഷ്ട്രീയ കോളങ്ങളിലും അദ്ദേഹം കക്ഷി ആഭിമുഖ്യത്തിന് അപ്പുറമുള്ള വിശ്വാസപ്രമാണങ്ങളും യുക്തിപൂർണമായ നിലപാടുകളും ഉയർത്തിപ്പിടിച്ചു.

1970 ഫിബ്രുവരി പതിനെന്നിന് നക്‌സലൈറ്റ് നേതാവ് വർഗീസിനെ പോലീസ് പിടികൂടി കൊലപ്പെടുത്തിയ സംഭവം ഏറ്റുമുട്ടലിലുണ്ടായ മരണമായി മുഖ്യധാരാ പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്‌തെങ്കിലും ആദ്യമായി അതിനെ രൂക്ഷമായി വിമർശിച്ച് മുഖപ്രസംഗം എഴുതിയത് തായാട്ട് ശങ്കരൻ പത്രാധിപരായ വിപ്‌ളവം പത്രമായിരുന്നു. പത്രത്തിന്റെ ഉടമയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. തായാട്ട് രാജി കൊടുത്ത് പുറത്തിറങ്ങി.

1982-85 കാലത്ത് ദേശാഭിമാനി പത്രാധിപരായി. 1974-ൽ കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്രസിഡന്റായി. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതാവായിരുന്നു.

തലശ്ശേരിക്കടുത്ത് പന്ന്യൂരിൽ ജനിച്ചു. അധ്യാപകനായി ഉപജീവനവൃത്തി തുടങ്ങി. കോൺഗ്രസ് സോഷ്യലിസ്റ്റ് പക്ഷത്തോട് ആഭിമുഖ്യമുണ്ടായതോടെ കെ.കേളപ്പന്റെ ശിഷ്യനായി. സോഷ്യലിസ്റ്റ് പാർട്ടികളിൽ സജീവമായി പ്രവർത്തിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള മാധ്യമപ്രവർത്തനം ചെറുപ്പത്തിലേ തുടങ്ങിവെച്ചിരുന്നു. അവസാനഘട്ടത്തില്‍ മാർക്‌സിസ്റ്റ് പാർട്ടിയിൽ അംഗമായി.

ബ്രിട്ടനിൽ ജനാധിപത്യം ഉദയം കൊണ്ടതെങ്ങനെ എന്ന് വിവരിക്കുന്ന ‘പാർലമെന്ററി ജനാധിപത്യവും വളർച്ചയും’ എന്ന തായാട്ടിന്റെ കൃതി ഇന്നും രാഷ്ട്രീയവിദ്യാർത്ഥികൾക്കുള്ള ഒരു പാഠപുസ്തകമായി നിലനില്‍ക്കുന്നു. നാടകവും തർജ്ജമയും ബാലസാഹിത്യവും ജീവചരിത്രവും വിദ്യാഭ്യാസ ചിന്തകളുമായി 33 പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

1968-ൽ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
കൃതികൾ: പുതിയ പരിപ്രേക്ഷ്യം, അനാച്ഛാദനം, അന്തർദ്ദർശനം, സീതയും നിരൂപകന്മാരും, സാഹിത്യദീപ്തി, ചിന്താസൗരഭം, ദുരവസ്ഥ -ഒരു പഠനം, ആശാൻ-നവോത്ഥാനത്തിന്റെ കവി, വള്ളത്തോൾ-നവയുഗത്തിന്റെ കവി, ജയപ്രകാശ് നാരായണൻ, ഭാരതീയ നവോത്ഥാനത്തിന്റെ രൂപരേഖ, ഇന്ത്യൻ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ, മാനസികമായ അടിമത്തം.