Fri. Nov 20th, 2026

ഹൈദരാബാദ്: മെഡിക്കൽ പിജി വിദ്യാർത്ഥിനി ഡോ.പി.പ്രീതി(26) ജീവനൊടുക്കിയ സംഭവത്തിൽ ലൗ ജിഹാദ് ആണെന്ന ആരോപണവുമായി ബി ജെ പി. തെലങ്കാന ബി ജെ പി അദ്ധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാറാണ് ആരോപണം ഉന്നയിച്ചത്. വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ ബലത്തിലാണ് ഹിന്ദു സ്ത്രീകളെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ഇത് ലൗ ജിഹാദ് തന്നെയാണെന്ന് ഞാൻ പറയുന്നു. തെലങ്കാനയിൽ ലൗ ജിഹാദ് കേസുകൾ വൻതോതിൽ കൂടിയിട്ടുണ്ട്. ഹിന്ദു സ്ത്രീകൾ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ ബലത്തിലാണ് ഒരു വിഭാഗം ഹിന്ദുസ്ത്രീകളെ ലക്ഷ്യമിടുന്നത്’ -സഞ്ജയ് കുമാർ പറഞ്ഞു.


അതിനിടെ പ്രീതിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ‘സംഭവിച്ച എല്ലാ കാര്യത്തിലും ഞങ്ങൾക്ക് വ്യക്തതവേണം.ലഭിച്ച ചികിത്സയുടെ വിശദാംശങ്ങളും ലഭിക്കണം. പ്രീതിയെ മാനസികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ ഡോ.സൈഫിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും അറിയിക്കണം. ഇത്തരമൊരു പ്രശ്നത്തിന്റെ പേരിൽ ജീവനൊടുക്കാൻ തക്കവണ്ണം ദുർബലയല്ല അവൾ. ഇത് കൊലപാതകം തന്നെയാണ്.പ്രീതിയുടെ മൊബൈൽഫോൺ വിരലടയാളം ഉപയോഗിച്ച് തുറന്ന് എന്തൊക്കെയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എല്ലാ വിശദാംശങ്ങളും നീക്കിയ ശേഷമാണ് അവളെ കൊലപ്പെടുത്തിയത്. പിന്നെ അതിനെ ആത്മഹത്യാ ശ്രമമാക്കി അവതരിപ്പിച്ചു’- പ്രീതിയുടെ ഇളയ സഹോദരൻ വംശി പൃഥ്വി ആരോപിച്ചു.

സീനിയർ വിദ്യാർത്ഥികളുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്‌ക്ക് ശ്രമിച്ച കകാതീയ മെഡിക്കൽ കോളേജ് അനസ്‌തേഷ്യ വിഭാഗം ഒന്നാംവ‌‌ർഷ വിദ്യാർത്ഥിനി ഡോ.പി.പ്രീതി അഞ്ചുദിവസം മരണത്തോട് മല്ലിട്ടശേഷമാണ് കഴിഞ്ഞദിവസം രാത്രി മരിച്ചത്. സ്വയം വിഷം കുത്തിവച്ച് പ്രീതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.


സംഭവം വലിയ കോളിളക്കം സൃഷ്‌ടിച്ചതിന് പിന്നാലെ പ്രേരണാകുറ്റം ചുമത്തി സീനിയ‌‌ർ വിദ്യാർത്ഥി ഡോ.എം.എ സൈഫിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. 2022 ഡിസംബർ മുതൽ ഇയാൾ പ്രീതിയെ മാനസികമായി നിരന്തരം പീഡിപ്പിച്ചെന്നാണ് വിവരം, കടുത്ത റാഗിംഗിന് പ്രീതി ഇരയായതായി പിതാവ് നരേന്ദർ ആരോപിച്ചു. പ്രീതിയുടെ മരണത്തിന് പിന്നാലെ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേർ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത് വലിയ സംഘർഷത്തിന് കാരണമായിരുന്നു. സൈഫിനെ ഏൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.