കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണെന്ന് ജാമ്യ ഹരജി പരിഗണിക്കുന്നതെന്ന് പറഞ്ഞ ഹൈക്കോടതി വിവിധ വിധിന്യായങ്ങള്‍ പ്രതിയുടെ അവകാശത്തെ അനുകൂലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ആറ് വര്‍ഷമായി വിചാരണ തീരാതെ ജയിലില്‍ പ്രതി തുടരുമ്പോള്‍ ജാമ്യം ഒരു അവകാശമായി മാറില്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതില്‍ ആവശ്യപ്പെട്ടു.
ജാമ്യ ഹരജിയില്‍ അതിജീവിതയുടേത് ഉള്‍പ്പെടെ പള്‍സര്‍ സുനിക്കെതിരായ മൊഴികള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ നിര്‍ദേശം നല്‍കിയിരുന്നു. ആറു വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്നതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് പള്‍സര്‍ സുനിയുടെ വാദം.
അതേസമയം നടിക്കുനേരെ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി പറഞ്ഞു. നടിയുടെ മൊഴിപ്പകർപ്പ് പരിശോധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരമാർശം. നടിക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമമാണെന്നും മൊഴികളിൽ നിന്ന് ഇത് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെടുന്നു എന്നുമാണ് കോടതി പറഞ്ഞത്.
നേരത്തേ, മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.എന്നാൽ, പ്രോസിക്യൂഷൻ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷൻ തീരുമാനത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനകം വിസ്താരം പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
താൻ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്ന് അതിജീവിത സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ദിലീപിന്റെ ആവശ്യം തള്ളിയത്.
അതേസമയം കേസിലെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കുന്നതിന് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യുഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.


