കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാൻഡ് ചെയ്തു. ഒൻപത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ഇ ഡി ശിവശങ്കറിനെ തുടർന്നും കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല. അതേസമയം ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശിവശങ്കർ കോടതിയിൽ ജാമ്യേപേക്ഷ നൽകി. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.
ഒൻപത് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയെങ്കിലും ചോദ്യങ്ങൾക്കൊന്നിനും ശിവശങ്കർ വ്യക്തമായ വിവരങ്ങൾ നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. ലൈഫ് മിഷനിൽ കോഴപ്പണം കൈപ്പറ്റിയെന്ന് ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമുള്ള മറുപടിയാണ് ശിശങ്കർ നൽകിയത്.
ശിവശങ്കർ ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിൽ നേരത്തേ അദ്ദേഹത്തിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ, ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസ് എന്നിവരെ ഒപ്പമിരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴികൾ ലഭിച്ചിട്ടുണ്ട്. സ്വപ്ന സുരേഷിന്റെയും വേണുഗോപാലിന്റെയും സംയുക്ത പേരിലുള്ള ബാങ്ക് ലോക്കർ ശിവശങ്കറിന്റേതാണെന്ന് വ്യക്തമായി. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് ലോക്കർ എടുത്തതെന്ന് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. ലോക്കറിൽ നിന്ന് ലഭിച്ച പണം ശിവശങ്കറിന്റേതാണെന്ന സ്വപ്നയുടെ മൊഴിയുമുണ്ട്.
ശിവശങ്കറിനും സ്വപ്നയ്ക്കുമപ്പുറം കരാർ ഇടപാടിൽ ബന്ധപ്പെട്ടവർ, കോഴ കൈപ്പറ്റിയവർ എന്നിവരെക്കുറിച്ചും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥ, രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്ക് ഇടപാടിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം തുടരുകയാണ്. വാട്സ്ആപ്പ് ചാറ്റുകൾ അടക്കം ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കോർത്തിണക്കിയാണ് അന്വേഷണം.


