Mon. Aug 10th, 2026

കിളിമാനൂരിൽ  റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയാളി സംഘത്തിന് വാഹനം വാടകയ്ക്ക് എടുത്ത് കൊടുത്തവരാണ് പിടിയിലായത്. രാജേഷിനെ കൊല്ലാനുള്ള ക്വൊട്ടേഷന്‍ വിദേശത്ത് നിന്നുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു.

27ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് റേഡിയോ ജോക്കി രാജേഷിനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നത്.ഖത്തറിലുള്ള യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണ് ക്വൊട്ടേഷന്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അക്രമി സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ദൃശ്യങ്ങള്‍ ഇന്ന് പൊലീസിനു ലഭിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രി മടവൂര്‍ സഹകരണ സൊസൈറ്റിക്ക് മുന്നിലൂടെ കാര്‍ കടന്നു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പൊലീസ് സ്ഥീരീകരിച്ചിരുന്നു. പ്രതികളുടെ അറസ്റ്റോടെ ഇതില്‍ കൂടുതല്‍ വ്യക്തത വന്നിട്ടുണ്ട്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആക്രമിസംഘം എത്തി കൃത്യം നടത്തിയത്. ഇതിനു ശേഷം കടന്നുകളയുകയായിരുന്നു. രാജേഷിനൊപ്പമുണ്ടായിരുന്ന കുട്ടനെന്ന സുഹൃത്തിന്റെ മൊഴിയാണ് കാര്‍ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. പൊലീസ് പ്രതികള്‍ സഞ്ചരിച്ച കാറു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സി.സി ക്യാമറ ദൃശ്യങ്ങള് കണ്ടെത്താന്‍ കാരണമായത്.

കാര്‍ കൊല്ലം-ആലപ്പുഴ റൂട്ടിലാണ് സഞ്ചരിച്ചതെന്ന് സൂചന പൊലീസിനു ലഭിച്ചിരുന്നു.കൊല്ലപ്പെട്ട ദിവസം രാജേഷിന്റെ ഫോണിലേക്ക് വന്ന കോളുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഈ ബന്ധമാണോ കൊലപാതകത്തിന് വഴിയൊരുക്കിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാജേഷിന്റെ ഫോണ്‍കോളുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രണം നടക്കുന്നതിന് മുന്‍പ് വന്ന ഫോണ്‍ കോളും പൊലീസ് പരിശോധിച്ചു. സൈബര്‍ സൈ്ലിന്റെ സഹായത്തോടെ ഫോണ്‍കോളുകള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.

ഖത്തറിലെ വ്യവസായിയുടെ ഭാര്യയായിരുന്ന യുവതിയുമായാണ് രാജേഷിന് സൗഹൃദമുണ്ടായിരുന്നത്. ഇവരുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് രാജേഷിന് നേരെ ക്വൊട്ടേഷന്‍ ആക്രമണമുണ്ടായത്. ഈ യുവതി രാജേഷിന്റെ ഒരു സുഹൃത്തിനെ വിളിച്ച് ആക്രമണ വിവരം പറഞ്ഞതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന് ശേഷം കണ്ണാ എന്റെ പ്രാര്‍ത്ഥനയുണ്ട് ഒന്നും വരില്ല എന്ന് ഈ യുവതി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. പോസ്റ്റിനെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയപ്പോള്‍ ഇത് ഡിലീറ്റ് ചെയ്യപ്പെട്ടു. യുവതിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടും മരവിപ്പിച്ച നിലയിലാണ്.