Tue. Nov 24th, 2026

ആലപ്പുഴ: എസ് എഫ് ഐ ഏരിയ പ്രസിഡന്റായ വിദ്യാർത്ഥിനിയെ ഹരിപ്പാട് ഡി വെെ എഫ് ഐ ബ്ലോക്ക് ഭാരവാഹി മർദ്ദിച്ചതായി പരാതി. കേരള സർവകലാശാല യൂണിയൻ വെെസ് ചെയർപേഴ്സൻ കൂടിയായ ചിന്നുവാണ് ആക്രമണത്തിന് ഇരയായത്. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡി വെെ എഫ് ഐ ബ്ലോക്ക് ഭാരവാഹി അമ്പാടിയാണ് ആക്രമിച്ചതെന്നാണ് പരാതി. ചിന്നുവിനെ ബെെക്കിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചതായാണ് റിപ്പോർട്ട്.


ഹരിപ്പാട് നാരകത്തറ ജംഗ്ഷനിൽ തിങ്കളഴ്ച വെെകിട്ട് നാലരയോടെയാണ് സംഭവം ഉണ്ടായത്. സുഹൃത്തിനൊപ്പം ബെെക്കിൽ വരുമ്പോൾചിന്നുവിനെ ഇടിച്ചു വീഴ്ത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. പ്രതിയായ അമ്പാടിയ്ക്ക് ഒപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്നാണ് വിവരം. അമ്പാടിക്കെതിരെ ചിന്നുവും ഏതാനും പെൺകുട്ടികളും സി പി എം ഏരിയ നേതൃത്വത്തിനും ഡി വെെ എഫ് ഐ ജില്ലാ കമ്മിറ്റിയ്ക്കും പരാതി നൽകിയിരുന്നു. ഇതിന്റെ വെെരാഗ്യത്തിലാണ് ആക്രമണമെന്നാണ് സൂചന. ചിന്നുവിന് തലയ്ക്കും ശരീരത്തും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അമ്പാടിയെ ഡി വെെ എഫ് ഐ പുറത്താക്കിയിട്ടുണ്ട്.