Mon. Nov 23rd, 2026

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസിൽ കീഴ്‌ക്കോടതിയിൽ നടക്കുന്ന വിചാരണയ്‌ക്ക്‌ സ്‌റ്റേയില്ല. വിചാരണയ്‌ക്ക്‌ സ്‌റ്റേ അനുവദിച്ചത്‌ തെറ്റായ വിവരം നൽകിയെന്ന്‌ പരാതിക്കാരിയായ പെൺകുട്ടി അറിയിച്ചതിനെ തുടർന്നാണ്‌ ഹൈക്കോടതി സ്‌റ്റേ നീക്കിയത്‌. ഒത്തുതീര്‍പ്പായെന്ന് താന്‍ ഒപ്പിട്ട് കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.

കേസില്‍ ഉണ്ണിമുകുന്ദനു വേണ്ടി ഹാജരായിരുന്നത് അനുകൂല വിധി നേടാൻ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരാണ്. അന്ന്‌ പരാതിക്കാരിയുമായി ഒത്തുതീർപ്പിലായതായി അഡ്വ. സൈബി ജോസ്‌ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ്‌ സ്‌റ്റേ അനുവദിച്ചത്‌. എന്നാൽ, താൻ അങ്ങനെയൊരു ഒത്തുതീർപ്പിലെത്തിയിട്ടില്ലെന്ന്‌ ഇരയായ പെൺകുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. കഥ പറയാന്‍ വീട്ടിലെത്തിയപ്പോള്‍ ഉണ്ണി മുകുന്ദൻ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി.


വിഷയം ഗൗരവതരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉണ്ണി മുകുന്ദനുവേണ്ടി പരാതിക്കാരിയുടെ വ്യാജരേഖ ഉണ്ടാക്കിയ വിഷയത്തില്‍ അഡ്വ. സൈബി ജോസ് ഉത്തരം പറയണം. വ്യാജരേഖ ചമയ്ക്കല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ നടന്നെന്നും കോടതി പരാമര്‍ശിച്ചു. ഉണ്ണി മുകുന്ദൻ മറുപടി സത്യവാങ്‌മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. കേസിൽ ഉണ്ണിമുകുന്ദന്‌ വേണ്ടി സൈബി ജോസ്‌ കിടങ്ങൂരിന്‌ പകരം മറ്റൊരു അഭിഭാഷകനാണ്‌ ഇന്ന്‌ കോടതിയിൽ ഹാജരായത്‌.ഹര്‍ജി പരിഗണിക്കുന്നത് 17ലേയ്ക്കു മാറ്റി വച്ചു.