Fri. Nov 20th, 2026

കോഴിക്കോട് ഫറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയ ‘ബത്തക്ക’ പരാമര്‍ശത്തിന് പിന്നാലെആരംഭിച്ച സ്ത്രീപക്ഷ പ്രവർത്തകരുടെ മാറുതുറക്കല്‍ സമരം ഫേയ്‌സ്ബുക്കിന് ഇഷ്ടപെട്ടില്ല. ആക്ടിവിസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ മാറിടം തുറന്നുകാട്ടി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഫെയ്സ് ബുക്ക് നീക്കം ചെയ്തു. ഇത് നീക്കം ചെയ്യുമെന്ന് മുൻകൂട്ടി മനസിലാക്കിയ ഓൺലൈൻ മാധ്യമങ്ങൾ സ്ക്രീൻ ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മാത്രമേ ഇപ്പോൾ ഓൺലൈനിൽ ഉള്ളൂ. മാറുതുറക്കല്‍ സമരം വിവാദമായതിന് പിന്നാലെയാണ് ഫേയ്‌സ്ബുക്ക് അധികൃതര്‍ തന്നെ നേരിട്ട് ചിത്രങ്ങള്‍ നീക്കം ചെയ്തത്.

മാറിടം തുറന്നുകാണിക്കാനുള്ള അവകാശമുണ്ടെന്ന പ്രഖ്യാപനവുമായിട്ടായിരുന്നു ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് ദിയ സനയും നടിയും മോഡലുമായ രഹന ഫാത്തിമയും രംഗത്തെത്തിയത്. പൊതു ഇടങ്ങളില്‍ ആണ്‍ശരീരം അനുഭവിക്കുന്ന സ്വാതന്ത്യത്തിന്റെ അതേ അളവ് പെണ്ണിനും ബാധകമാണെന്ന് ദിയ പോസ്റ്റില്‍ സൂചിപ്പിക്കുന്നു. സങ്കുചിത ലൈംഗിക ബോധത്തിനപ്പുറം പെണ്‍ശരീരത്തിന്റെ അത്ഭുതങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന സമയത്ത് ആ വിപ്ലവച്ചൂട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ സമരത്തിലൂടെ എന്നായിരുന്നു സമരത്തെക്കുറിച്ച് ദിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകന്‍ നടത്തിയ വിവാദ പ്രസംഗ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ പ്രസംഗത്തിന് മറുപടിയായി ഫേസ്ബുക്കില്‍ ആരംഭിച്ച മാറുതുറക്കല്‍ സമരത്തിന് നേരെ ഇരട്ടത്താപ്പാണെന്ന് രഹന ഫാത്തിമ പറയുന്നു. മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രത്തെ പിന്തുണച്ചവര്‍ പോലും മാറുതുറക്കല്‍ പ്രതിഷേധത്തെ ലൈംഗികത മാത്രമായാണ് കാണുന്നതെന്നും രഹന ആരോപിക്കുന്നു.