കൊച്ചി: നടി അൻസിബ ഹസൻ നൽകിയ കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. പാവപ്പെട്ടവരുടെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കെ ഇത്തരം കാര്യങ്ങൾ തീർക്കാനേ സമയമുള്ളൂ എന്നും, അമ്മ സംഘടനയ്ക്കായി ഒരു സ്പെഷ്യൽ കോടതി തന്നെ വേണമല്ലോ എന്നും ഹൈക്കോടതി പരിഹസിച്ചു.

അതേസമയം, അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ബി.എൻ.എസ് 74-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പാലാരിവട്ടം പോലീസ് വിശദീകരിച്ചു. എഫ്.ഐ.ആർ തയ്യാറാക്കിയപ്പോൾ ടൈപ്പിങ് പിഴ സംഭവിച്ചതാണെന്നാണ് പോലീസിന്റെ വിശദീകരണം. ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് ചുമത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് പോലീസിന്റെ ഭാഗത്തുനിന്നുമുള്ള ഈ വിശദീകരണം വരുന്നത്.
പാലാരിവട്ടം എസ്.എച്ച്.ഒയ്ക്ക് എതിരായി കോടതി അലക്ഷ്യ ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്യാനും, അന്വേഷണ ചുമതല മറ്റൊരാൾക്ക് മാറ്റാൻ ആവശ്യപ്പെടാനും അൻസിബ തീരുമാനിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരമാണ് ലക്ഷ്മിപ്രിയക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ മാനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പുകൾ മാത്രം ചേർത്ത് കേസ് എടുത്തത് നേരത്തെ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
Content Highlights: The High Court has issued a notice to the government regarding a petition filed by actress Lakshmipriya, seeking to quash the FIR registered against her based on a complaint by actress Ansiba Hassan. The Court remarked sarcastically that while the poor face numerous issues, there seems to be time only to resolve matters like this, adding that perhaps a special court is needed specifically for the ‘AMMA’ organization.


