ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദി ‘ശുദ്ധീകരിച്ച’ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉത്തരാഖണ്ഡ് പോലീസ് നൈനിറ്റാള്‍ സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ്സിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട എം പിമാര്‍ പാര്‍ലിമെന്റ്‌സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധം ശക്തമായപ്പോള്‍ ഡല്‍ഹിയിലും സീറോ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ മാസം എട്ടിന് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി രാംലീല മൈതാനിയില്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുസമ്മേളനത്തിന് പിന്നാലെയാണ് വേദിയില്‍ ഹിന്ദുത്വ സംഘടനകള്‍ ‘ശുദ്ധീകരണം’ നടത്തിയത്. രാജ്യസഭയില്‍ വിഷയം ഉന്നയിച്ച ഖാര്‍ഗെക്ക്, നടപടിയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് എം പിമാര്‍ നേരിട്ട് ഇടപെട്ടത്.
ലോക്സഭയിലെ കോണ്‍ഗ്രസ്സ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ എം പിമാര്‍ പാര്‍ലിമെന്റ്‌സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എം പിമാര്‍ മൂന്നര മണിക്കൂറോളം പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.


