കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് കാരണക്കാര്‍ ചേര്‍ത്തുനിര്‍ത്താന്‍ ബാധ്യതപ്പെട്ടവര്‍ തന്നെയാണെന്ന പി വി അന്‍വറിന്റെ ആരോപണത്തോട് പ്രതികരിച്ച് കോഴിക്കോട് ഡി സി സി പ്രസിഡന്റും എം എല്‍ എയുമായ കെ പ്രവീണ്‍ കുമാര്‍. വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശമെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

ബേപ്പൂരിലെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പോരായ്മയാണെന്ന് കെ പ്രവീണ്‍ കുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരായുള്ള അന്‍വറിന്റെ ഫേസ് ബുക്ക് കുറിപ്പിനോട് പ്രതികരിച്ചാണ് വിശദീകരണം.
ചിഹ്നത്തിന്റെ വിഷയമാണ് പാര്‍ട്ടി പ്രവര്‍ത്തക യോഗത്തില്‍ ഉന്നയിച്ചത്. കോണിയോ, കൈപ്പത്തിയോ ചിഹ്നത്തില്‍ മത്സരിച്ചാല്‍ ആരായാലും ജയിക്കുമായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നു പ്രവീണ്‍ കുമാര്‍ പറഞ്ഞു. പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പ്രവര്‍ത്തക യോഗത്തില്‍ പറഞ്ഞത്. പാര്‍ട്ടി ചിഹ്നത്തില്‍ ആണെങ്കില്‍ പി വി അന്‍വര്‍ ആയിരുന്നുവെങ്കിലും ജയിക്കുമായിരുന്നു. അന്‍വറുമായി വ്യക്തിപരമായി ഒരു പ്രശ്‌നവും ഇല്ല. ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. അന്‍വറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.


