മലപ്പുറം: ഫുട്‌ബോള്‍ താരം അസീം അരീക്കോട് കോയമ്പത്തൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. 43 വയസ്സായിരുന്നു. നിലവില്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടറായി ജോലിചെയ്തു വരികയായിരുന്നു. മഹാരാഷ്ട, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി സന്തോഷ് ട്രോഫി ടീമില്‍ കളിച്ചിട്ടുണ്ട്. എംഇഎസ് മമ്പാട് ഫുട്‌ബോള്‍ ടീം അംഗമായിരുന്നു.
ഒമ്പത് സീസണുകളില്‍ ഐ ലീഗില്‍ കളിച്ച അസീം, ഫെഡറേഷന്‍ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീല്‍ഡ് തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളില്‍ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. പ്രശസ്ത ഫുട്‌ബോളറും കോച്ചുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ് അസീം.


