Sun. Oct 18th, 2026

കൊച്ചി: മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഉന്നയിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അന്നത്തെ കായികമന്ത്രി വി അബ്ദുറഹ്മാന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.

‘മന്ത്രിക്ക് സ്പെയിനില്‍ പോകുന്നതിന് കരാറിന്റെ ആവശ്യമില്ല. എന്നാല്‍, ഒരുഘട്ടത്തില്‍ മെസ്സിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ഇപ്പോള്‍ ആരോപിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച കാര്യങ്ങള്‍ അന്ന് മന്ത്രിയെന്ന നിലയില്‍ വിഷയം കൈകാര്യം ചെയ്ത അബ്ദുറഹിമാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെസി വരണമെന്ന് പൊതുവില്‍ നാട് ആഗ്രഹിച്ചിരുന്നു. വരുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ അവരുടേതായ കാരണങ്ങളാൽ വരാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം.’ സര്‍ക്കാരിന് എന്താണ് അന്വേഷിക്കേണ്ടതെന്നു വെച്ചാല്‍ അന്വേഷിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഓപറേഷന്‍ തൂഫാനിലെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത സര്‍ക്കാര്‍ തന്നെ പൂഴ്ത്തിവെക്കുന്ന സ്ഥിതിയാണുള്ളതെന്നും സാമൂഹിക മാധ്യമത്തില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മെറ്റ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നത് പരാമര്‍ശിക്കവേ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വസ്തുതാപരമായ വാര്‍ത്ത നീക്കം ചെയ്യിക്കാന്‍ സാധാരണഗതിയില്‍ നിയമപരമായി കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടുമാത്രമാണ് ഇത്തരമൊരു നീക്കം ചെയ്യല്‍ സംഭവിച്ചത്. ഇത്തരം സെന്‍സര്‍ഷിപ്പ് ഏകാധിപത്യപരമാണെന്നും അതിനാല്‍ത്തന്നെ അനുകൂലിക്കാനാകില്ലെന്നും പിണറായി പ്രതികരിച്ചു.