Fri. Sep 18th, 2026

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്ത സംഭവത്തിൽ പാർലമെന്ററി സമിതിക്കു മുന്നിൽ മെറ്റ പ്രതിനിധികൾ കടുത്ത ചോദ്യശരങ്ങൾ നേരിട്ടു. ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ മാപ്പപേക്ഷയോ ഖേദപ്രകടനമോ മാത്രം പകരമാവില്ലെന്നും വീഴ്ചയുടെ ഉത്തരവാദിത്തം കണ്ടെത്തുകയും നിയമനടപടി സ്വീകരിക്കുകയും വേണമെന്നും പാർലമെന്ററി സമിതി യോഗത്തിൽ ആവശ്യമുയർന്നു. ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടിയുണ്ടാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കൾക്ക് ഉറപ്പുനൽകുന്ന വിഡിയോയാണ് പ്ലാറ്റ്‌ഫോമിൽനിന്നു നീക്കം ചെയ്യപ്പെട്ടത്.

സമൂഹമാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഗൂഗിൾ, മെറ്റ, യൂട്യൂബ് പ്രതിനിധികളുമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിയുടെ വിഡിയോ എന്തുകൊണ്ട് നീക്കം ചെയ്തുവെന്നും, ഇതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും, രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിഡിയോ പോലും ഇത്തരത്തിൽ പെട്ടെന്നു നീക്കം ചെയ്യാൻ കഴിയുമെങ്കിൽ സാധാരണക്കാരായ ഉപയോക്താക്കളുടെ സുരക്ഷ എന്താണെന്നും യോഗത്തിൽ പങ്കെടുത്ത മുതിർന്ന ബിജെപി എംപി ചോദിക്കുകയുണ്ടായി.

ചോദ്യങ്ങൾക്കു പിന്നാലെ സമിതിക്കു മുന്നിൽ മെറ്റ പ്രതിനിധികൾ ഖേദപ്രകടനം നടത്തുകയും, സാങ്കേതിക തകരാർ കാരണമാണ് വിഡിയോ നീക്കം ചെയ്യപ്പെട്ടതെന്ന് വിശദീകരിക്കുകയും ചെയ്തു. എന്നാൽ ഈ വിശദീകരണം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം അത് തള്ളിക്കളയുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങൾ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടും സമിതിയിൽ കടുത്ത ചോദ്യങ്ങൾ ഉയർന്നു.

പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ച പോസ്റ്റുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനും ചില അക്കൗണ്ടുകൾക്കുമെതിരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്.