Sun. Jul 26th, 2026

കൊച്ചി: ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ വഴിവിട്ട നിയമനങ്ങളില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന കുറ്റപ്പെടുത്തലുമായി ലോയേഴ്‌സ് കോണ്‍ഗ്രസ്. നിയമനം നേടിയ യു ഡി എഫ് അനുഭാവികള്‍ അല്ലാത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കി.

തങ്ങള്‍ കൊടുത്ത പട്ടികയില്‍ നിന്നാണ് നിയമനം എന്ന മുഖ്യമന്ത്രിയുടെ വാദം ലോയേഴ്‌സ് കോണ്‍ഗ്രസ് തള്ളി. വിവാദ നിയമനങ്ങള്‍ നിര്‍ദ്ദേശിച്ചത് സ്റ്റേറ്റ് അറ്റോര്‍ണി അനൂപ് വി നായരാണെന്നും പട്ടികയില്‍ ഇല്ലാത്ത പേരുകള്‍ നിര്‍ദ്ദേശിച്ചിട്ട് പഴി ലോയേഴ്‌സ് കോണ്‍ഗ്രസിനാണെന്നും വിശദമാക്കി.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ നിരന്തരം ശ്രമിച്ചു. കൂടിക്കാഴ്ചയ്ക്ക് നിരന്തരം അവസരം നിഷേധിച്ചു എന്നും ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി കെ റഹ്മാന്‍ പറഞ്ഞു. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച കെ എസ് യു വിനെ മുഖ്യമന്ത്രി പരസ്യമായി അധിക്ഷേപിച്ചിരുന്നു.

ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ എ ഐസി സി ഇടപെടണമെന്നായിരുന്നു പരാതിയിലെ ആവശ്യം.



 

Leave a Reply