വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം ‘ജന നായകന്’ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടു. പോസ്റ്ററിൽ വിജയ്‌യുടെ പേരിനൊപ്പം സാധാരണ നൽകാറുള്ള ‘ദളപതി’ എന്ന ടൈറ്റിലിന് പകരം ‘ചീഫ് മിനിസ്റ്റർ സി. ജോസഫ് വിജയ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. സെൻസർ ബോർഡുമായുള്ള തർക്കങ്ങളെ തുടർന്ന് കോടതി കയറിയ ചിത്രത്തിന് ഒടുവിൽ ‘A’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും നീളമുള്ള ചിത്രം ജൂലൈ അവസാനത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമ്മിക്കുന്ന ‘ജന നായകൻ’, തെലുങ്കിൽ ബാലകൃഷ്ണ നായകനായ ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ റീമേക്കാണെന്നാണ് സൂചനകൾ. ജനുവരി 9-ന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് റിലീസ് വൈകിയത്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ എ സർട്ടിഫിക്കറ്റോടെ റിലീസിന് ഒരുങ്ങുന്നത്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, പ്രിയാമണി എന്നിവർക്കൊപ്പം മലയാളികളായ മമിത ബൈജു, നരേൻ എന്നിവരും അണിനിരക്കുന്ന ഒരു വമ്പൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

