2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെതിരെ 2-1 എന്ന സ്കോറിന് ബ്രസീൽ ആവേശകരമായ തിരിച്ചുവരവ് വിജയം സ്വന്തമാക്കി. മത്സരത്തിൽ കളിക്കളത്തിൽ ഇറങ്ങിയില്ലെങ്കിലും, ബ്രസീലിയൻ ഫോർവേഡ് നെയ്മർ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക ശാസ്ത്രജ്ഞൻ ജോക്കിം ക്ലെമെന്റിന് എക്‌സിലൂടെ നെയ്മർ നൽകിയ കുസൃതി നിറഞ്ഞ മറുപടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. “മിസ്റ്റർ ജോക്കിം ക്ലെമെന്റ്… ദയവായി അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക” എന്നാണ് 2014, 2018, 2022 ലോകകപ്പുകളിലെ വിജയികളെ കൃത്യമായി പ്രവചിച്ച ചരിത്രമുള്ള ക്ലെമെന്റിനെ ട്രോളി നെയ്മർ കുറിച്ചത്.

മത്സരത്തിന്റെ 95-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ നാടകീയ ഗോളാണ് ബ്രസീലിന് ഈ ആവേശ വിജയം സമ്മാനിച്ചത്. നെയ്മറെ മത്സരത്തിൽ പകരക്കാരനായി ഇറക്കാൻ ഉദ്ദേശിച്ചിരുന്നതായി ബ്രസീൽ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി മത്സരശേഷം വെളിപ്പെടുത്തി. ടീം സമനിലയിൽ തുടർന്ന സാഹചര്യത്തിൽ, മത്സരം അധിക സമയത്തേക്ക് (എക്സ്ട്രാ ടൈം) നീളുകയാണെങ്കിൽ ഉപയോഗിക്കാനായി നെയ്മറെ ബെഞ്ചിൽ തന്നെ നിർത്താൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് ആഞ്ചലോട്ടി തന്ത്രപരമായ ഈ നീക്കത്തെക്കുറിച്ച് വ്യക്തമാക്കി.
നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി നേടിയ ഈ വിജയത്തോടെ ബ്രസീൽ ടൂർണമെന്റിന്റെ റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടി. പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ജൂലൈ 5-ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ വെച്ച് ബ്രസീൽ ഐവറി കോസ്റ്റിനെയോ നോർവേയെയോ നേരിടും.

