കൊച്ചി: വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പരാതിയില്‍ പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.

അതേ സമയം അന്‍സിബയുടെ പരാതിയില്‍ കേസ് എടുക്കാന്‍ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നിലപാട്.പരാതിയില്‍ മതിയായ തെളിവുകള്‍ ഇല്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള പരാതിയാണ്. അതുകൊണ്ട് കേസെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു പോലീസ്. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.
തന്നെ ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു.സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ടിനിയുടെ പ്രവര്‍ത്തികള്‍. താന്‍ ചിലരെ മതം മാറ്റാന്‍ പ്രേരിപ്പിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങളും ടിനി ഉന്നയിച്ചിട്ടുണ്ട്. അത് മറ്റുള്ളവരില്‍ നിന്ന് തനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു അന്‍സിബയുടെ പരാതി. അതേ സമയം പരാതി ബോധപൂര്‍വം കെട്ടിചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ വാദം.


