ചേർത്തല: ആലപ്പുഴയിലെ ആദ്യകാല യുക്തിവാദിയും മനുഷ്യാവകാശ പ്രവർത്തകനും ചിത്രകലാ അദ്ധ്യാപകനും ആക്റ്റിവിസ്റ്റുമായ പിപി സുമനൻ സാറിൻറെ ഓർമ്മയ്ക്ക് ചേർത്തലയിൽഒരു അക്ഷര സ്മാരകം ഒരുങ്ങുന്നു. അഖില ലോക മായാവിസ്റ്റ് തിരുസഭ ‘മദ്യ കേരള’ മഹാ ഇടവക എന്ന വാട്ടസ് ആപ്പ് കൂട്ടായ്മയും സുമനൻ സാറിൻറെ സുഹൃത്തുക്കളും ചേർന്നാണ് അദ്ദേഹത്തിൻറെ ഓർമ്മയ്ക്ക് ഏറ്റവും ഉചിതം ഒരു ലൈബ്രറി ആയിരിക്കുമെന്ന് പൊതുവേ ഉയർന്നു വന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല മതിലകത്ത് ഒരു ലൈബ്രറി ആരംഭിക്കുവാൻ തീരുമാനിച്ചത്. അദ്ദേഹത്തിൻറെ സുഹൃത്തുക്കളും മറ്റ് അഭ്യാദയകാംക്ഷികളും ആണ് പുസ്തകങ്ങൾ സംഭാവനയായി നൽകിയത്.

ലൈബ്രറിയുടെ ഉദ്ഘടാനം ജൂൺ 27 ന് നടക്കുന്ന ‘പവനൻ – സുമനൻ അനുസ്മരണ പരിപാടി’യോടൊപ്പം നടക്കുന്ന ചടങ്ങിൽ സുമനൻ സാറിനെപ്പോലെ തന്നെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന യുക്തിവാദി സംഘത്തിൻറെ മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്റും ചേർത്തല സെൻറ് മൈക്കിൾസ് കോളേജിലെ മുൻ അദ്ധ്യാപകനും ചേർത്തല ലാഫിയാലൂപബ്ലിക്ക് സ്‌കൂളിന്റെ സഥാപകനും WCB അംഗവും, WCB ഒക്കെ രൂപംകൊള്ളുന്നതിന് മുൻപേ കേരളത്തിൽ ആദ്യമായി 1980 കളിൽ തന്നെ ‘ളോഹ ചലഞ്ച്’ ആരംഭിച്ച, നിലവിൽ അഖില ലോക മായാവിസ്റ്റ് തിരുസഭ ‘മദ്യ കേരള’ മഹാ ഇടവക അദ്ധ്യക്ഷനുമായ പ്രൊഫ; ഫ്രാൻസിസ് സേവ്യർ പിപി സുമനൻ മെമ്മോറിയൽ ലൈബ്രറിയുടെ ഔപചാരികമായ ഉദ്‌ഘാടനവും ആശിർവാദവും നിർവഹിക്കും. അഖില ലോക മായാവിസ്റ്റ് തിരുസഭ ‘മദ്യ കേരള’ മഹാ ഇടവക അംഗം കൂടി ആയിരുന്നു അന്തരിച്ച യുക്തിവാദി നേതാവ് പിപി സുമനൻ എന്ന് സംഘാടകർ പറഞ്ഞു.
ജൂൺ 27 ശനിയാഴ്‌ച 2 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരളത്തിലെ മുതിർന്ന യുക്തിവാദികളായ ശ്രീ. ധനുവച്ചപുരം സുകുമാരൻ പവനൻ അനുസ്മരണ പ്രഭാഷണവും ശ്രീനി പട്ടത്താനം പിപി സുമനൻ അനുസ്മരണ പ്രഭാഷണവും നടത്തും.
തുടർന്ന് “രണ്ട് വെളിച്ചപ്പാടന്മാരുടെ ഭാര്യമാരും അവരുടെ ഓർമ്മയായ പങ്കാളികളും” എന്ന വിഷയത്തിൽ സ്നേഹ സംവാദവും ഒരുക്കിയിട്ടുണ്ട്. അഖില ലോക മായാവിസ്റ്റ് തിരുസഭയുടെ ‘മദ്യ കേരള’ മഹാ ഇടവക ഉപ അദ്ധ്യക്ഷ ലിബി സി എസ് വിഷയം അവതരിപ്പിക്കും. തുടർന്ന് വിവിധമേഖലയിലെ പ്രമുഖർ സംവദിക്കും.


