‘വർഗ്ഗം’, ‘വാസ്തവം’, ‘ശിക്കാർ’, ‘ജോസഫ്’ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ആകർഷിച്ച സംവിധായകൻ എം. പത്മകുമാർ വീണ്ടും ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി വരുന്നു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ‘ഉയിർ’ എന്ന ചിത്രത്തിന്റെ ആദ്യ ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റോഷൻ മാത്യു പ്രധാന വേഷത്തിലെത്തുന്ന ചിത്രം തികച്ചും ദുരൂഹത നിറഞ്ഞ ഒരു കൊലപാതകത്തിന്റെ കഥയാണ് പറയുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്.

കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് ടീസർ ആരംഭിക്കുന്നത്. ഒരു കിണറ്റിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണവും, ജില്ലയിൽ അടുത്ത കാലത്തായി നടന്ന സ്ത്രീകളുടെ തിരോധാന കേസുകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം എന്ന് ടീസർ സൂചന നൽകുന്നു. പ്രശസ്ത ഗായകനും നടനുമായ നിഖിൽ കെ. മേനോനും ‘ഇല വീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥൻ ഷാജി മാറാടും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഒരു യഥാർത്ഥ അന്വേഷണത്തിന്റെ കൃത്യതയും തനിമയും ചിത്രത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷ.
റോഷൻ മാത്യുവിനൊപ്പം നടൻ ബൈജു സന്തോഷ് ഒരു മുഴുനീള പോലീസ് കഥാപാത്രമായി ചിത്രത്തിലെത്തുന്നു. വിനീത് തട്ടിൽ, ദിവ്യ എം. നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. മലയാള താരങ്ങൾക്ക് പുറമെ പ്രമുഖ ബോളിവുഡ് അഭിനേതാക്കളായ സയാമി ഖേർ, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തിൽ നിർണ്ണായക അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. തലശ്ശേരി, പാലക്കാട്, കൊച്ചി, കൂർഗ്ഗ്, മുംബൈ എന്നിങ്ങനെ അഞ്ച് വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ‘നീതി വ്യക്തിപരമാകുമ്പോൾ’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

