Sun. Jul 26th, 2026

കൊച്ചി: നടന്‍ സലിം കുമാറിന് വിട നല്‍കി നാട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടുകൂടെ പറവൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സലിം കുമാര്‍ മുന്‍പ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പില്‍ സംസ്‌കരിക്കണമെന്നും കുടുംബാംഗങ്ങളോട് പങ്കുവെച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചത്. ഉച്ചക്ക് 3: 30 സംസ്‌കാരം.

നോക്ക് കാണാന്‍ ആയിരങ്ങളാണ് പറവൂരിലെക്ക് ഒഴുകിയെത്തിയത്. സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ നിരവധിപേര്‍ സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. വീട്ടിലും നിരവധി പേരാണ് പ്രിയ താരത്തെ കണാനെത്തിയത്.

അവശതകളെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സലിം കുമാര്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കരള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. വി ഡി സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.

മിമിക്രി ലോകത്തു നിന്നും സിനിമയിലേക്ക് കടന്നു വന്ന സലിം കുമാര്‍ ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു ജനനം. പേരിലൂടെ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛന്‍ ഇട്ട പേരാണു സലിം. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപിക നിര്‍ബന്ധിച്ചാണു കുമാര്‍ എന്നു കൂടി ചേര്‍ത്തു സലിംകുമാര്‍ ആക്കിയത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം.

സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവിലെ വൃദ്ധനായ അത്തര്‍ വില്‍പ്പനക്കാരന്റെ വേഷം 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. അഭിനയത്തിന് പുറമെ ചലച്ചിത്ര സംവിധാനത്തിലും സലിംകുമാര്‍ പ്രതിഭ തെളിയിച്ചു. ‘കറുത്ത ജൂതന് 2016-ലെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ‘കമ്പാര്‍ട്ട്മെന്റ്’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്നീ ചിത്രങ്ങളും സലിംകുമാര്‍ സംവിധാനം ചെയ്തു. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരില്‍ ആത്മകഥാപരമായ കുറിപ്പുകളും രചിച്ചു.സുനിതയാണ് ഭാര്യ. മക്കള്‍:ചന്തു, ആരോമല്‍.