Tue. Jul 28th, 2026

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന മമത ബാനർജിയുടെ പിടിവാശിയെത്തുടർന്ന് ഗവർണർ ആർ.എൻ. രവി നിയമസഭ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച മമത, രാജി നൽകാൻ താൻ തയ്യാറല്ലെന്നും ഭരണഘടനാപരമായ ചട്ടങ്ങൾ അനുസരിച്ച് അവർ തീരുമാനമെടുക്കട്ടെ എന്നും വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ഗവർണറുടെ അസാധാരണ നടപടിയോടെ മമതയും മന്ത്രിസഭയും പുറത്താവുകയും നിലവിലെ എംഎൽഎമാർ മുൻ എംഎൽഎമാരായി മാറുകയും ചെയ്തു.

നാലാം തവണയും അധികാരം ലക്ഷ്യമിട്ടിറങ്ങിയ മമത ബാനർജിക്ക് ഇക്കുറി കനത്ത പ്രഹരമാണ് ജനം നൽകിയത്. സ്വന്തം തട്ടകമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയുടെ തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ഒതുങ്ങി. അതേസമയം, 207 സീറ്റുകൾ നേടി ചരിത്ര വിജയം കുറിച്ച ബിജെപി ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. സുവേന്ദു അധികാരിയെ ബിജെപി നിയമസഭാ കക്ഷി നേതാവായി നാളെ തിരഞ്ഞെടുക്കുന്നതോടെ ബംഗാളിൽ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമാകും. കോൺഗ്രസ് രണ്ടും സിപിഎം ഒരു സീറ്റിലുമാണ് വിജയിച്ചത്.