Sat. Nov 21st, 2026

ടെഹ്റാൻ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നിൽ രണ്ട് വഴികൾ മാത്രമാണുള്ളതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ. ഒന്നുകിൽ പ്രായോഗികമല്ലാത്ത ഒരു സൈനിക നടപടിക്ക് മുതിരുക, അല്ലെങ്കിൽ ഇറാന് അനുകൂലമായ ഒരു കരാറിൽ ഒപ്പിടുക.

അമേരിക്കയോടുള്ള ചൈനയുടെയും റഷ്യയുടെയും നിലപാടുകളിലെ മാറ്റവും, ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കാൻ ഇറാൻ നൽകിയ സമയപരിധിയും ട്രംപിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ‘തീരുമാനമെടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇറാനെതിരെയുള്ള സൈനിക നീക്കം വിജയിക്കില്ലെന്ന് അവർക്കറിയാം. പിന്നെ ആകെയുള്ള വഴി ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കുക എന്നതാണ്’– ഐആർജിസി എക്സിൽ കുറിച്ചു.

ലോകത്തെ എണ്ണ വിതരണത്തെ ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരിക്കുന്നത് ആഗോള വിപണിയിലും അമേരിക്കയിലെ ഇന്ധനവിലയിലും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം നീക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. സമാധാന ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച 14 നിർദേശങ്ങളിൽ ട്രംപ് ഇതുവരെ സംതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. ഉപരോധങ്ങൾ നീക്കിയാൽ ചർച്ചയാവാം എന്നാണ് ഇറാന്റെ നിലപാട്.

ഇറാന്റെ നിർദേശങ്ങളെക്കുറിച്ച് പഠിച്ചുവരികയാണെന്ന് വ്യക്തമാക്കിയ ട്രംപ്, അതേസമയം തന്നെ ഇറാൻ എന്തെങ്കിലും പ്രകോപനം നടത്തിയാൽ കനത്ത സൈനിക പ്രത്യാക്രമണം ഉണ്ടാകുമെന്ന സൂചനയും നൽകി. ഇറാന്റെ ആണവ പദ്ധതിക്ക് മേൽ കർശന നിയന്ത്രണം വേണമെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിൽക്കുകയാണ്. മേഖലയിലെ സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാട് ആഗോള രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.