വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിൽ വരാനിരിക്കുന്ന ദിവസങ്ങൾ അതീവ നിർണായകമാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ സൈനികപരമായി അമേരിക്കയെ പ്രതിരോധിക്കാൻ ഇറാന് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനിൽ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഹെഗ്സെത്ത് തയ്യാറായില്ല. “എന്ത് ചെയ്യും, എന്ത് ചെയ്യില്ല എന്ന് മുൻകൂട്ടി എതിരാളിയോട് പറയുന്ന രീതി യുദ്ധത്തിലില്ല, ആവശ്യമെങ്കിൽ എല്ലാ സാധ്യതകളും അമേരിക്ക പ്രയോജനപ്പെടുത്തും,”പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികരെ നേരിട്ട് സന്ദർശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്കൻ -ഇസ്രയേൽ സംയുക്ത സൈനിക നീക്കം ഒരു മാസം പിന്നിടുമ്പോഴാണ് പ്രതിരോധ സെക്രട്ടറിയുടെ ഈ നിർണ്ണായക പ്രസ്താവന പുറത്തുവരുന്നത്. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. “സമാധാന ചർച്ചകൾ വളരെ സജീവമാണ്. അവ ശക്തി പ്രാപിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്” ഹെഗ്സെത്ത് വ്യക്തമാക്കി.

