നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘പ്രതിഛായ’ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ വൻ ബോക്സ് ഓഫീസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. ഒരു പക്കാ ഫാമിലി പൊളിറ്റിക്കൽ ഡ്രാമയായി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ടാണ് പ്രദർശനം തുടരുന്നത്. ബി. ഉണ്ണികൃഷ്ണൻ എന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്.

കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മുഖ്യമന്ത്രി വർഗീസായി എത്തിയ ബാലചന്ദ്രമേനോന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. ജോൺ വർഗീസ് എന്ന കഥാപാത്രമായി നിവിൻ പോളി തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഈ ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധങ്ങൾ സിനിമയുടെ വലിയ പ്ലസ് പോയിന്റായി വിലയിരുത്തപ്പെടുന്നു.
വെറുമൊരു രാഷ്ട്രീയ സിനിമ എന്നതിലുപരി വൈകാരികമായ ഒരു കുടുംബയാത്ര കൂടിയാണ് ‘പ്രതിഛായ’ എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ എന്നിവരുടെ അസാമാന്യ പ്രകടനവും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് കൂടുതൽ കരുത്ത് പകരുന്നുണ്ട്. സംഭാഷണങ്ങളിലെ മൂർച്ചയും കുടുംബബന്ധങ്ങൾക്ക് നൽകിയിട്ടുള്ള പ്രാധാന്യവുമാണ് സിനിമയെ ജനപ്രിയമാക്കുന്നത്. വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തുമെന്നാണ് സിനിമാ ലോകത്തുനിന്നുള്ള റിപ്പോർട്ടുകൾ.

