✍️ സുരേഷ്. സി.ആർ
“അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽകൊണ്ട് മലയാള സാഹിത്യമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സാഹിത്യകാരിയാണ് ലളിതാംബിക അന്തർജ്ജനം. ഒരു വ്യക്തി എന്ന നിലയിലും കുടുംബ-സമൂഹ അംഗം എന്ന നിലയിലും നമ്പൂതിരി സ്ത്രീകൾ ജീവിച്ച അവസ്ഥയെ അഭിമുഖീകരിച്ച മാനവികതാവാദിയും സാമൂഹ്യപരിഷ്കർത്രിയുമായിരുന്നു.
1909 മാർച്ച് 30-ന് കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്ക് അടുത്ത് കോട്ടവട്ടത്ത് ജനിച്ചു.
അച്ഛൻ തെങ്കുന്നത്ത് മഠത്തിലെ കെ.ദാമോദരൻ പോറ്റി ശ്രീമൂലം പ്രജാസഭ അംഗമായിരുന്നു. അമ്മ നങ്ങയ്യ അന്തർജനം സാഹിത്യതൽപര ആയിരുന്നു. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി.ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു. ഗുരുക്കന്മാരിൽ നിന്ന് സംസ്കൃതം, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിവ പഠിച്ചു. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല.
1923 ൽ ‘ശാരദ’ മാസികയുടെ സെപ്റ്റംബർ ലക്കത്തിൽ ഗാന്ധിയെക്കുറിച്ചുള്ള ‘അഭിനവ പാർത്ഥസാരഥി’ എന്ന ലേഖനമാണ് ആദ്യത്തെ പ്രകാശിത രചന. ‘മലയാളരാജ്യം’ മാസികയിൽ പ്രസിദ്ധീകരിച്ച ‘യാത്രാവസാനം’ എന്നതാണ് ആദ്യ ചെറുകഥ.
1937ലാണ് ‘ലളിതാഞ്ജലി’ എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. അതേ വർഷം തന്നെ ‘അംബികാഞ്ജലി’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. തുടർന്ന് കൂടുതലായി കഥകളെഴുതുകയും കഥാകൃത്തായി അറിയപ്പെടുകയും ചെയ്തു.
ഏക നോവലായ ‘അഗ്നിസാക്ഷി’ ആണ് ഏറ്റവും വിഖ്യാത കൃതി. മൂടുപടത്തിൽ, കാലത്തിന്റെ ഏടുകൾ, തകർന്ന തലമുറ, കിളിവാതിലിലൂടെ, കൊടുങ്കാറ്റിൽ നിന്ന്, കണ്ണീരിന്റെ പുഞ്ചിരി, അഗ്നിപുഷ്പങ്ങൾ, തിരഞ്ഞെടുത്ത കഥകൾ, സത്യത്തിന്റെ സ്വരം, വിശ്വരൂപം, ധീരേന്ദ്ര മജുംദാറിന്റെ അമ്മ, പവിത്ര മോതിരം, മാണിക്കൻ (ചെറുകഥാസമാഹരങ്ങൾ), ഗോസായി പറഞ്ഞ കഥ, തേൻതുമ്പികൾ, കുഞ്ഞോമന, കുട്ടികളുടെ ആശാൻ (ബാലസാഹിത്യം) എന്നിവയാണ് പ്രധാന കൃതികൾ.

ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലളിതാംബിക അന്തർജ്ജനം കഥകൾ സമ്പൂർണത്തിൽ 131 കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ആത്മകഥയ്ക്ക് ഒരാമുഖം’ ആത്മകഥയാണ്. അഗ്നിസാക്ഷി ഇംഗ്ലീഷിലും മറ്റ് 22 ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളും വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1965-ൽ പുറത്തിറങ്ങിയ എം.കുഞ്ചാക്കോയുടെ ”ശകുന്തള’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി മലയാള സിനിമയിലെ ആദ്യ വനിതാ തിരക്കഥാകൃത്തായി.
കേരള സാഹിത്യ അക്കാദമിയുടെ നിർവാഹകസമിതി അംഗവും വൈസ് പ്രസിഡന്റും ആക്ടിംഗ് പ്രസിഡന്റും ആയി പ്രവർത്തിച്ചിട്ടുണ്ട്. അക്കാദമിയുടെ വിശിഷ്ട അംഗത്വവും നേടിയിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായിരുന്നു.
1973-ൽ ‘സീത മുതൽ സത്യവതി വരെ’ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, 1977-ൽ ‘അഗ്നിസാക്ഷി’ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, ആദ്യത്തെ വയലാർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
സി.വി.കുഞ്ഞുരാമൻ, വൈക്കം മുഹമ്മദ് ബഷീർ, വക്കം അബ്ദുൾ ഖാദർ, വയലാർ രാമവർമ്മ എന്നിവർ സുഹൃത്തുക്കളായിരുന്നു. മകൻ എൻ.മോഹനൻ അറിയപ്പെടുന്ന എഴുത്തുകാരനാണ്. മണി കൃഷണൻ എന്ന പേരിൽ മകൾ ലളിത കുമാരി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്ത്രീകൾക്കാകമാനം ആത്മബോധവും അഭിമാനവും വളർത്താൻ ഉതകുന്ന രചനകൾ നിർവഹിച്ച ലളിതാംബിക 1987 ഫെബ്രുവരി 6-ന് അന്തരിച്ചു. കേരള സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനം എന്ത് എന്നത് ലളിതാംബിക അന്തർജ്ജനത്തിനു മുമ്പും പിമ്പും എന്ന് അടയാളപ്പെടുത്താം. സ്ത്രീക്ക് അന്നത്തെ സമൂഹം കല്പിച്ചു നല്കിയ നാലതിരുകൾക്കുള്ളിൽ ജീവിച്ചില്ല എന്നു മാത്രമല്ല, അത്തരം അതിരുകൾ അപ്രസക്തമാണെന്ന് വീണ്ടും വീണ്ടും അവർ എഴുതി. ജാതിവ്യത്യാസങ്ങളെയും മതഭേദത്തെയും അവഗണിച്ച ലളിതാംബിക സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുള്ളവരുമായി ഇടപഴകുന്നതിലൂടെ പുതിയ ഒരു മാതൃക സൃഷ്ടിച്ചു.
‘ആത്മകഥയ്ക്ക് ഒരാമുഖം’ എന്ന ആത്മകഥയുടെ ആമുഖത്തിൽ അവർ ഇങ്ങനെ കുറിച്ചു;
“കലയുടെ വളർച്ചക്ക് അത്യാവശ്യമായി വേണ്ടത് സ്വാതന്ത്ര്യമാണ്. സ്വന്തമായ ഒരു ഭവനം, സ്നേഹം, സുഹൃത്തുക്കൾ ഇതൊക്കെ ലഭിച്ചില്ലെങ്കിൽ നാം എന്തായിതീരുന്നു.”


