Fri. Nov 6th, 2026

കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ പിതാവ് 18കാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂര്‍ ഹില്‍ ടോപ്പിലെ ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ജുമൈലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്തായിരുന്ന ഉമ്മര്‍ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയെന്ന വാര്‍ത്തയില്‍ നടുക്കം വിട്ടുമാറാത്ത അവസ്ഥയിലാണ് തൂമിനാട് ഗ്രാമവാസികള്‍. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പ്രിയങ്കരിയായിരുന്നു ജുമൈല. മരണത്തിന് തൊട്ടുമുമ്പ് വരെ ഒപ്പം ഇരുന്ന് പഠിച്ച കൂട്ടുകാര്‍ അമ്പരപ്പ് മാറ്റാന്‍ കഴിയാതെ വീര്‍പ്പുമുട്ടി. ബായാര്‍ സ്വദേശിയായ പിതാവ് ഉമര്‍ ഫാറൂഖിന്റെയും ഭാര്യ താഹിറയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജുമൈല. അന്നം കൊടുത്ത കൈ കൊണ്ടുതന്നെ മകളുടെ അന്ത്യം സംഭവിച്ചു എന്നത് വിശ്വസിക്കാനാകാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍.

താഹിറയും ജുമൈലയും താഹിറയുടെ സഹോദരിയുടെ തൂമിനാട് ഹില്‍ടോപ്പിലെ വീട്ടിലാണ് താമസിക്കുന്നത്. ഉമര്‍ ഫാറൂഖ് ഗള്‍ഫിലായിരുന്നു. ഒന്നരമാസം മുമ്പ് നാട്ടിലെത്തിയ ഇയാളും ഇവര്‍ക്കൊപ്പമാണ് താമസം. സ്വത്തുമായി ബന്ധപ്പെട്ട് താഹിറയുടെ സഹോദരിയുടെ കുടുംബവുമായി ഉമര്‍ ഫാറൂഖ് തര്‍ക്കത്തില്‍ ആയിരുന്നുവെന്ന് പറയുന്നു. പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിന് ഉമര്‍ ഫാറൂഖിന്റെ സഹോദരനും ഇന്നലെ സ്ഥലത്തെത്തിയിരുന്നു. താഹിറയുടെ സഹോദരീ ഭര്‍ത്താവ് ഷേകുഞ്ഞിയും ഉമര്‍ ഫാറൂഖും തമ്മില്‍ ചര്‍ച്ചക്കിടെ തര്‍ക്കമുണ്ടായെന്നും ഫാറൂഖ് കത്തിയെടുത്ത് ഷേകുഞ്ഞിക്ക് നേരെ വീശുകയായിരുന്നുവെന്നും പറയുന്നു. ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ജുമൈലക്ക് വെട്ടേറ്റതെന്നും സൂചനയുണ്ട്.

ജുമൈലയുടെ നെഞ്ചിനും വയറിനുമാണ് മുറിവേറ്റത്. ഷേകുഞ്ഞിക്കും പരുക്കുണ്ട്. ഇരുവരെയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജുമൈലയെ രക്ഷിക്കാനായില്ല. പ്ലസ് ടു കഴിഞ്ഞ ജുമൈല ഉപ്പളയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിനിയാണ്.