Sat. Nov 21st, 2026

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഈഴവ വിരോധിയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ വര്‍ഗീയവാദികള്‍ക്ക് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവുനയമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അയാളെ ഉളമ്പാറയില്‍ ചികിത്സയ്ക്ക് അയക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വി ഡി സതീശന്‍ മുസ്ലീം ലീഗിന്റെ നാവാണെന്നും യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ ഭരിക്കാന്‍ പോകുന്നത് ലീഗായിരിക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

ഈഴവനായ കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ സതീശൻ നിരന്തരം ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഈഴവ സമുദായത്തെ വെറും കറിവേപ്പിലയായിട്ടാണ് കാണുന്നതെങ്കിൽ സതീശന് തെറ്റുപറ്റി. ഭാവിയിൽ ഉയർന്ന സ്ഥാനങ്ങൾ ലക്ഷ്യമിട്ട് ലീഗിനെ സുഖിപ്പിക്കാനാണ് സതീശൻ ശ്രമിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് ലീഗായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ എസ്‍ എസിനെയും എസ് എന്‍ ഡി പിയെയും തമ്മിലടിപ്പിച്ചത് യു ഡി എഫ് ആണെന്നും എന്നാല്‍ ഇനി എന്‍ എസ്‍ എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

പെരുന്നയിലേക്ക് ക്ഷണിച്ചാൽ പോകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എൻഎസ്എസുമായി പിണങ്ങിയിട്ട് ഇതുവരെ ഒന്നും നേടിയിട്ടില്ലെന്നും സംവരണ തർക്കത്തിൽ എന്ത് ഗുണമാണുണ്ടായതെന്നും ചോദിച്ചു. ഇരു സംഘടനകളെയും തമ്മിൽ തല്ലിക്കാൻ ചിലർ പിന്നിൽ നിന്ന് പ്രവർത്തിച്ചതായും, മറ്റുള്ളവർക്ക് വേണ്ടി ചുടുചോറ് മാന്തുന്ന അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ മാസം 21-ന് വിളിച്ചുചേർത്തിട്ടുള്ള നേതൃസമ്മേളനത്തിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

ജാതിമത ഭേദമന്യേ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട കാലമാണിതെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി, ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന തന്റെ പഴയ മുദ്രാവാക്യം ‘നായാടി മുതൽ നസ്രാണി വരെ’ എന്നാക്കി മാറ്റിയെന്നും പ്രഖ്യാപിച്ചു. നസ്രാണികൾ ഇപ്പോൾ വലിയ ഭയത്തിലും വിഷമത്തിലുമാണ് കഴിയുന്നതെന്നും അവർ അത് പുറത്തു പറയുന്നില്ലെന്നേയുള്ളൂവെന്നും അദ്ദേഹം നിരീക്ഷിച്ചു. ഭൂരിപക്ഷ സമുദായങ്ങളും ക്രൈസ്തവരും അടക്കമുള്ളവർ ഐക്യത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ തന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്.

വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചുവെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ ആഗോള അയ്യപ്പ സംഗമ സമയത്ത് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതിനെയും സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ യുഡിഎഫ് കാലത്ത് മാറാട് കലാപം നടന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. തന്നെ വേട്ടയാടാൻ വേണ്ടി തന്റെ മലപ്പുറം പ്രസംഗത്തെ വളച്ചൊടിക്കുകയാണ് ചിലർ ചെയ്യുന്നത്. താൻ ഒരു സമുദായത്തിനും എതിരല്ലെന്നും തന്റെ വാക്കുകളുടെ കാരണം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സതീശന്റെ വാക്കുകളിലെ മിടുക്ക് പ്രവൃത്തിയിൽ ഉണ്ടാകുമോ എന്ന് തിരഞ്ഞെടുപ്പിന് ശേഷം കാണാമെന്നും ആരെയും വെല്ലുവിളിക്കാനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.