Sun. Nov 15th, 2026

ഒരേ സിനിമയ്ക്ക് തിയേറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങൾ പലപ്പോഴും വ്യത്യസ്തമാണ്. പരാജയമായി കണക്കാക്കപ്പെട്ട ചിത്രങ്ങൾ ഒടിടിയിൽ കൈയ്യടി നേടുന്നതും, തിയേറ്ററിൽ വിജയിച്ചത് ഒടിടിയിൽ നിരാശപ്പെടുത്തുന്നതും പുതുമയുള്ളതല്ല. ഇപ്പോഴിതാ അത്തരമൊരു യു ടേൺ മലയാളത്തിൽ നിന്ന് വീണ്ടും സംഭവിച്ചിരിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി ഗൗതം വസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് എന്ന ചിത്രമാണ് ഒടിടി റിലീസിന് ശേഷം പ്രതികരണങ്ങളിൽ വലിയ മാറ്റം സൃഷ്ടിച്ചത്. ഗൗതം മേനോന്റെ ആദ്യ മലയാള ചിത്രം എന്നതും, മമ്മൂട്ടി തന്നെയാണ് നിർമ്മാണം നിർവഹിച്ചതെന്നതുമായിരുന്നു ചിത്രത്തിന്റെ പ്രീ-റിലീസ് ഹൈലൈറ്റുകൾ. ജനുവരി 23ന് തിയേറ്ററുകളിൽ എത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ല.

ഏകദേശം 11 മാസത്തെ കാത്തിരിപ്പിന് ശേഷം ഈ മാസം 19ന് സീ 5 പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം ഒടിടിയിൽ എത്തിയത്. തിയേറ്ററിൽ ലഭിക്കാതിരുന്ന സ്വീകാര്യതയാണ് ഇപ്പോൾ ചിത്രം ഒടിടിയിൽ നേടുന്നത്. എക്സ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രത്തെ പ്രശംസിക്കുന്ന നിരവധി അഭിപ്രായങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ ആശയവും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധേയമാണെന്നും, എന്നാൽ രചനയിൽ ചില പോരായ്മകൾ ഉണ്ടായിരുന്നുവെന്നും പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേസമയം, അവസാന ഭാഗം ഏറെ തൃപ്തികരമായിരുന്നുവെന്നും ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ചിത്രം മികച്ച രീതിയിൽ എംഗേജ് ചെയ്തുവെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും തിയേറ്ററില്‍ ലഭിച്ച പ്രതികരണങ്ങളില്‍ നിന്നൊക്കെ വേറിട്ടവയാണ് ഇപ്പോള്‍ ഒടിടിയിൽ ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടയിൽ, തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഏറ്റവുമധികം കാഴ്ചകൾ നേടിയ ചിത്രമായി ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് മാറിയെന്ന് സീ5 കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.