പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്കാരം ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും, നടനും, എഴുത്തുകാരനുമായ പ്രേംകുമാറിന് സമ്മാനിക്കും. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭയാണ് പ്രേംകുമാർ എന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. സമൂഹത്തോട് തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനായ അദ്ദേഹം ധീരമായ നിലപാടുകളും അഭിപ്രായങ്ങളുമുള്ള വ്യക്തിയാണ്. അദ്ദേഹത്തിൻ്റേത് നിർഭയമായ പ്രതികരണങ്ങളും ശക്തമായ എഴുത്തുകളും പ്രഭാഷണങ്ങളുമാണെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
അടുത്ത കാലത്ത് ഇത്രയേറെ മലയാളികളെ വിസ്മയിപ്പിച്ച മറ്റൊരു വ്യക്തിത്വം സിനിമാ മേഖലയിൽ വേറെയില്ലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ ഏറ്റവും സുതാര്യവും ജനകീയവുമാക്കിയ നേതൃപാടവത്തിന് ഉടമയാണ് പ്രേംകുമാർ. 29-ാമത് ഐഎഫ്എഫ്കെ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ചലച്ചിത്ര മേളയായി അവിസ്മരണീയമാക്കിയത് പ്രേംകുമാറിൻ്റെ മികച്ച സംഘാടന മികവുകൊണ്ടാണ് എന്നും സംഘാടകർ അഭിപ്രായപ്പെട്ടു.

