കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ചതും സംസ്ഥാന പുരസ്‌കാരം വരെ നേടി കൊടുത്തതുമായ കഥാപാത്രമാണ് ‘ഭ്രമയുഗത്തിലെ’ കൊടുമൺ പോറ്റി. മമ്മൂട്ടിയല്ലാതെ മറ്റൊരാളെ ഈ വേഷത്തിൽ കാണാനാകില്ലെന്ന് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ആ കൊടുമൺ പോറ്റിയായി മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ അവതരിപ്പിച്ചുകൊണ്ടുള്ള എഐ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചില സോഷ്യൽ മീഡിയ പേജുകളിലാണ് മോഹൻലാലിന്റെ ഈ ‘ഭ്രമയുഗം’ ലുക്കുകൾ എത്തിയത്. കൊടുമൺ പോറ്റിയുടെ കറുപ്പിലും വെളുപ്പിലുമുള്ള രൂപത്തിലും, ഒപ്പം ‘ചാത്തനായി’ പോലും മോഹൻലാലിനെ ഈ എഐ ചിത്രങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇരു സൂപ്പർ താരങ്ങളുടെയും ആരാധകർ പുതിയ ചിത്രങ്ങളെ ആവേശത്തോടെ ഏറ്റെടുത്ത് കഴിഞ്ഞു.
അതേസമയം, നിലവിൽ സെലിബ്രിറ്റി താരങ്ങളുടെ വിവിധ തരത്തിലുള്ള എഐ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. തമിഴിലെ സൂപ്പർ താരങ്ങൾ ചായക്കടയിൽ ഇരിക്കുന്നതും, നടക്കാനിറങ്ങുന്നതും, മലയാളത്തിലെ താരങ്ങൾ കാറ് വാങ്ങാൻ പോകുന്നതും, ദളപതിയുടെ ലൊക്കേഷൻ ഷൂട്ടുമെല്ലാം ഇത്തരത്തിൽ എ.ഐ. ചിത്രങ്ങളായി ട്രെൻഡിങ്ങിൽ ഇടം നേടുന്നുണ്ട്.


