Mon. Nov 23rd, 2026

മലയാള സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിച്ച് എക്കോ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനേതാക്കളെയും സന്ദർഭങ്ങളെയും അഭിനയത്തെയും പ്രകീർത്തിച്ച് ഒട്ടനവധി പോസ്റ്റുകളാണ് ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വൻ മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം തുടരുന്നതിനിടെ, ചിത്രം രാജ്യം വിട്ട് വിദേശ തിയറ്ററുകളിലേക്ക് എത്തുന്നുവെന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

‘എക്കോ’ ജർമ്മനിയിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ തന്നെയാണ് അറിയിച്ചത്. നവംബർ 28, അതായത് നാളെ, എക്കോ ജർമ്മനിയിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ബെർളിൻ അടക്കമുള്ള പ്രധാന പ്രദേശങ്ങളിലെ തിയറ്ററുകളിൽ ചിത്രം കാണാനാകും. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഈ ചിത്രം ജർമ്മനിയിലും വലിയ സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

നവംബർ 21-നാണ് ‘എക്കോ’ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി എത്തിയത്. ഇത് താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘എക്കോ’.