മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാലിൻ്റെ സിനിമാ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ച പൂജാ ചടങ്ങിൽ, വികാരാധീനയായി സുചിത്ര മോഹൻലാൽ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയ നായികയായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. കൊച്ചിയിൽ നടന്ന പൂജാ ചടങ്ങിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ ഒന്നിച്ചെത്തിയിരുന്നു.
മക്കൾ രണ്ടുപേരും സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും, ഈ വർഷം തങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണെന്നും സുചിത്ര മോഹൻലാൽ പറഞ്ഞു. ‘മോഹൻലാലിൻ്റെ ഭാര്യ എന്നതിനേക്കാൾ വിസ്മയയുടെ അമ്മ എന്ന രീതിയിൽ അല്ലേ എനിക്ക് അവളെ ഉപദേശിക്കാൻ കഴിയുകയുള്ളൂ. പറയാനുള്ളതെല്ലാം ഞാൻ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്. വളരെ അഭിമാനം തോന്നുന്ന നിമിഷമാണ് എനിക്ക്. ‘തുടക്കം’ എന്ന സിനിമയിലൂടെ എൻ്റെ മകൾ സിനിമ എന്ന ലോകത്തേക്ക് കാലെടുത്ത് വെക്കുകയാണ്’, സുചിത്ര മോഹൻലാൽ പറഞ്ഞു.

വർഷങ്ങൾക്കു മുൻപ് വീട്ടിൽ നടന്ന ഒരു ഹോം ഫിലിമിൻ്റെ ഓർമ്മകളും സുചിത്ര പങ്കുവെച്ചു. “ഞാൻ ഇവിടെ നിൽക്കുമ്പോൾ എനിക്ക് വർഷങ്ങൾക്ക് മുന്നേയുള്ള ഒരു ഫ്ലാഷ് ബാക്ക് സീനാണ് ഓർമ്മ വരുന്നത്. അപ്പുവും മായയും (പ്രണവും വിസ്മയയും) വളരെ ചെറുതായിരിക്കുമ്പോൾ വീട്ടിൽ ‘ആൻഗിറി മായ’ എന്നൊരു ഹോം ഫിലിം ചെയ്തിരുന്നു. അതിൽ അപ്പു സംവിധായകനും നടനുമാണ്, മായ മെയിൻ കഥാപാത്രത്തെ ചെയ്യും. ഞാൻ ക്യാമറയുടെ പിന്നിൽ ആയിരുന്നു. അന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല രണ്ട് പിള്ളേരും സിനിമയിലേക്ക് എത്തുമെന്ന്,” സുചിത്ര പറഞ്ഞു.
കുടുംബത്തിന് ഈ വർഷം എത്രത്തോളം പ്രിയപ്പെട്ടതാണെന്നും സുചിത്ര എടുത്തുപറഞ്ഞു. ‘ഈ കൊല്ലം തന്നെ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ചേട്ടന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചു, അപ്പുവിൻ്റെ (പ്രണവ് മോഹൻലാൽ) ‘ഡീയസ് ഈറെ’ റിലീസ് ആണ്. എല്ലാ കൊല്ലവും പടം വരുന്നുണ്ടെങ്കിലും അപ്പുവിൻ്റെ കാര്യത്തിൽ അതൊരു പ്രധാന ദിവസമാണ്. കാരണം അവൻ രണ്ട് കൊല്ലത്തിൽ ഒരു പടമാണ് ചെയ്യുന്നത്’ സുചിത്ര കൂട്ടിച്ചേർത്തു.


