✍️ ലിബി. സി എസ്
ഈഴവ മേമ്മോറിയൽ സമർപ്പിക്കപ്പെട്ട കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് ശബരിമലയിലെ മേൽശാന്തി ആകാൻ പോയ കർമ്മബ്രാഹ്മണന്മാരായ ചോകാംപൂരികൾക്ക് ദേവസ്വം ബോർഡ് നൽകിയ മറുപടിയും. “മലയാള ബ്രാഹ്മണൻ അല്ലാത്തതിനാൽ നിഷേധിക്കുന്നു.” എന്നായിരുന്നു മറുപടി കിട്ടിയത്. (ഇവിടെ ജാതി ഇല്ല കേട്ടാ) ഏതാണ്ട് ഇതിന് സമാനമായ മറുപടിയാണ് ഡോ. പാൽപുവിനും ലഭിച്ചത്. എല്ലാവരും തുല്യ പൗരന്മാരാണെന്ന് പ്രഖ്യാപിക്കുന്ന ജാതിയുടെയും മതത്തിന്റെയും ലിംഗത്തിനെയും അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന് പറയുന്ന ഭരണഘടന നിലവിൽ വന്നിട്ടും അവിടെനിന്നും അധികമൊന്നും മുന്നോട്ട് പോകാൻ സുനാതനികൾ അനുവദിച്ചിട്ടില്ലെന്ന് സാരം.
1896 സെപ്റ്റംബർ 3ന് ശ്രീ മൂലം തിരുനാൾ മഹാരാജാവ് നാടുവാഴുന്ന കാലത്താണ് ഈഴവ മെമ്മോറിയൽ സമർപ്പണം നടന്നത്. മഹാരാജവിനുവേണ്ടി ദിവാൻ ശങ്കരസുബ്ബയ്യർ ആണ് മറുപടി-ഇണ്ടാസ്-നൽകിയത്. “ഈഴവജാതിക്കാരായതുകൊണ്ടുള്ള പ്രശ്നങ്ങളാണ് മുഖ്യമായും ഉന്നയിച്ചിരിക്കുന്നത് എന്നതിനാൽ, തിരുവിതാംകൂർ പോലെയുള്ള ഒരു പുരാതന ഹിന്ദുരാജ്യത്ത് ഹർജിയിലെ വിഷയത്തെ തീരുമാനിക്കുന്നതിന് അനാദൃശമായ പ്രയാസവും കുഴപ്പവും നേരിടും” എന്ന മറുപടിയാണ് ലഭിച്ചത്.
‘എല്ലാ ജാതിക്കാർക്കും പൊതുവായ പള്ളിക്കൂടങ്ങൾ സ്ഥാപിക്കന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും എല്ലാ ജാതിക്കാരേയും ഒരെ പള്ളിക്കൂടത്തിൽ നിർബന്ധിച്ചു ചേർക്കുന്നത് ഫലപ്രദമാകില്ലെന്നും അതിനാൽ ഈഴവജാതിക്കാർക്കു മാത്രമായി കൂടുതൽ സ്കൂളുകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാം’ എന്ന നിർദേശമാണ് ഗവൺമെന്റിന് ഉണ്ടായിരുന്നത്.
അതായത് ഹിന്ദുരാജ്യത്തെ ഒന്നാം കിടക്കാരായ ഹിന്ദു പ്രജകളിൽ ഈഴവർ പെടുന്നില്ല എന്ന് സാരം. രണ്ടാം തരക്കാരായ ക്രിസ്ത്യാനിക്കോ മുസ്ലിമിനോ ഉള്ള പരിഗണന പോലും ലഭിച്ചിരുന്നില്ല. മതപരിവർത്തനം ചെയ്തവർക്ക് മേൽജാതിക്കാരെ കണ്ടാൽ ആട്ടും തുപ്പും മാത്രമല്ല മർദനവും ഏൽക്കേണ്ടതില്ല. അന്നുവരെ നടക്കാൻ പാടില്ലാതിരുന്ന പൊതുവഴികളിൽ കൂടി സ്വൈരമായി നടക്കാം. ഇഷ്ടമുള്ള വസ്ത്രവും ആഭരണവും ധരിക്കാം. യോഗ്യതയനുസരിച്ച് സർക്കാരുദ്യോഗങ്ങളിൽ നിയമനവും ലഭിച്ചിരുന്നു.
ലോകത്തെ ഏക പുരാതന ഹിന്ദുരാജ്യത്ത് ഹിന്ദുക്കളായി പോലും കരുതാതിരുന്ന; അന്നും അതിനുശേഷവും അവർക്ക് “പന്നിപെറ്റ സന്തതികൾ” ആയിരുന്ന പിന്നീട് 1925 ഒക്കെയാകുമ്പോൾ ചണ്ഡാളപ്രമുഖർ ആയി സ്ഥാനക്കയറ്റം കിട്ടിയ(വൈക്കം ക്ഷേത്രപ്രവേശന കമ്മറ്റി റിപ്പോർട്ടിൽ അന്വേഷണകമ്മീഷൻ അദ്ധ്യക്ഷനായ ചിലരുടെയെല്ലാം പ്രമുഖ “നവോത്ഥാനനായകൻ” കൂടിയായ പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠ ശര്‍മാവ് നാരായണഗുരുവിന് കൊടുത്തിരിക്കുന്ന പേരാണ് ചണ്ഡാളപ്രമുഖൻ എന്ന്) ഇപ്പറഞ്ഞ ഈഴവരാണ് ഇന്ന് സവർണ്ണ ഈഴവനാകാൻ വെമ്പിനടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
തിരുവതാംകൂറിന്റെ ജനസംഖ്യയിൽ അഞ്ചിലൊന്നോളം ഉണ്ടായിരുന്നിട്ടും ഈഴവർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസ-ഉദ്യോഗ കാര്യങ്ങളിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡോ.പല്പുവിന്റെ നേതൃത്വത്തിൽ 13,176 പേർ ഒപ്പിട്ട ഹർജി 1896-ൽ തിരുവതാംകൂർ മഹാരാജാവ് മൂലം തിരുനാളിന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ സമർപ്പിച്ചതാണ് ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയൽ.
അക്കാലത്തെ രീതിയനുസരിച്ചുള്ള നിവേദനത്തിലെ ഭാഷയുടെ വിധേയത്വവും സംഭവവിവരണവുമൊക്കെ ഇന്ന് കൗതുകമുണർത്തുന്നതാണ്. ഈഴവർ ആദ്യമായി സംഘടിച്ച് അവരുടെ ആവശ്യങ്ങൾ മഹാരാജാവിന് മുമ്പാകെ ഉണർത്തിച്ച നിവേദനം ചുവടെ. ഇത്രയും താണുകേണപേക്ഷിച്ചട്ടും മുകളിൽ കൊടുത്തിട്ടുള്ള മറുപടിയാണ് ലഭിച്ചത്.

“പൊന്നുതമ്പുരാൻ തിരുമുമ്പാകെ തൃപ്പാദംകൊണ്ട് കൽപ്പിച്ചു പരിപാലിച്ചു പോരുന്ന പ്രജകളും അഗതികളുമായ താഴെ പേരെഴുതി കയ്യൊപ്പിട്ടിരിക്കുന്ന ഈഴവർ ഏറ്റവും താഴ്മയോടുകൂടി കയ്ക്കുറ്റപ്പാടു ചെയ്ത് തിരുവുള്ളമുണർത്തിച്ചുകൊള്ളുന്ന സങ്കടം.
അടിയങ്ങൾ സംസ്ഥാനം ഒട്ടുക്കുള്ള ജനസംഖ്യയിൽ അഞ്ചിലൊന്നോളം ഉള്ളവരും പരമ്പരയായി തൃപ്പാദങ്ങളിൽ വളരെ ഭയഭക്തി വിശ്വാസങ്ങളോടുകൂടി രാജ്യനീതികളെ കീഴ്‌വഴങ്ങി മര്യാദയായി കാലം കഴിച്ചുപോരുന്നവരും രാജ്യത്തിന് സമാധാനമില്ലാതിരുന്ന കാലങ്ങളിൽ എല്ലാം പൊന്നുതമ്പുരാക്കന്മാർക്കുവേണ്ടി പ്രാണൻ കളഞ്ഞിട്ടുള്ള പഴവൻമാരുടെ സന്താനങ്ങളും ഇപ്പോഴും രാജ്യക്ഷേമകരങ്ങളായ കൃഷി, കൈത്തൊഴിൽ, കച്ചവടം മുതലായവയിൽ പ്രവേശിച്ചു ഇതര ജാതിക്കാരേക്കാളും സർക്കാരിന് അധികം മുതൽകൂട്ടുന്നവരും ആകുന്നു എന്നുള്ള വാസ്തവം അടിയങ്ങൾ തിരുവുള്ളമുണർത്തിച്ചേ തീരൂ എന്നില്ല. ഇഹപരസുഖങ്ങൾക്കു നിദാനമായിരിക്കുന്ന വിദ്യാഭ്യാസം ജാതിഭേദം കൂടാതെ സകല പ്രജകൾക്കും ഒന്നുപോലെ സിദ്ധിക്കത്തക്കവണ്ണം തിരുവുള്ളമുണ്ടായി സംസ്ഥാനം ഒട്ടുക്കും പാഠശാലകൾ സ്ഥാപിച്ചു നടത്തിവരുന്നുണ്ടെങ്കിലും അടിയങ്ങളുടെ കിടാങ്ങളെയും പഠിത്തത്തിൽ പ്രോത്സാഹിപ്പിക്കേണ്ട ഗവൺമെന്റ് ഇന്നും അവരെ മിക്ക പാഠശാലകളിലും പ ഠിക്കാൻ സമ്മതിക്കാതെ നിർദയം ആട്ടിക്കളകയാണ് ചെയ്തുവരുന്നത്.
1891 ലെ കനേഷുമാരി കണക്കിൻ പ്രകാരം അടിയങ്ങളിൽ പുരുഷന്മാർ തന്നെ 25000 പേരെങ്കിലും വിദ്യാഭ്യാസമുള്ളവരായി ഉണ്ടായിരുന്നു. എന്നാൽ ഇവരിൽ മിക്കവരും കച്ചവടം, കുത്തക, വൈദ്യം, ജ്യോതിഷം മുതലായി സർക്കാരിനെ ആശ്രയിക്കാത്ത വല്ല പണികളിലും ഒരുവിധം മാനമായി കാലക്ഷേപം ചെയ്തുവരുന്നതുകൂടാതെ, ഉയർന്നതരം ഇംഗ്ലീഷു വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവർ അന്യഗവൺമെന്റുകളുടെ കീഴിൽ തക്കതായ ഉദ്യോഗങ്ങൾ ഭരിച്ചും പോരുന്നുണ്ട്. എന്നിട്ടും ഇതിൽ ഒരാളെങ്കിലും പൊന്നുതിരുമേനിയുടെ ഗവൺമെന്റിന്റെ കീഴിൽ കുറഞ്ഞപക്ഷം അഞ്ചുരൂപ ശമ്പളമുള്ള ഒരു ചെറിയ ജീവനത്തിൽ പോലും ഇരുന്നുകാണാത്തത് എന്തുകൊണ്ടാണെന്ന് അടിയങ്ങൾക്ക് അറിവാൻ പാടില്ല. അടിയങ്ങളുടെ സഹോദരങ്ങളായ ബ്രിട്ടീഷ് മലബാറിലെ തീയരും ആ ഗവൺമെന്റിന്റെ കീഴിൽ നാട്ടുകാർക്ക് വഹിക്കത്തക്കതായ ഏതുതരം ഉയർന്ന ഉദ്യോഗങ്ങളിലും ഇരിക്കുന്നതായി അടിയങ്ങൾ കാണുന്നും ഉണ്ട്.
വാത്സല്യമുള്ള പൊന്നുതമ്പുരാൻ തിരുമുമ്പാകെ അമ്മയുടെ അടുക്കൽ കുട്ടികളെപോലെ സ്വപ്രജകൾക്ക് കരയാമെന്നുള്ളതുകൊണ്ട് ധൈര്യപ്പെട്ടു, അടിയങ്ങൾ തൃപ്പാദങ്ങളിൽ സമർപ്പിച്ചുകൊള്ളുന്ന ഈ സങ്കടത്തിന് തിരുവുള്ളമുണർന്നു ഉടൻ ഒരു നിവൃത്തിയുണ്ടാക്കുമെന്ന് അടിയങ്ങൾ വിശ്വസിക്കുകയും പൊന്നുതിരുമേനി അടിയങ്ങളുടെ സകലസങ്കടങ്ങളും തീർത്തു വളരെക്കാലം ആയൂരാരോഗ്യസമ്പത്സമൃദ്ധിയോട് കൂടി എഴുന്നരുളിയിരുന്നു അടിയങ്ങളെ രക്ഷിപ്പാറാകണമെന്ന് സദാ ഈശ്വരനെ പ്രാർഥിക്കുകയും ചെയ്യുന്നു.”

ഈഴവമെമ്മോറിയൽ സമർപ്പണത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിലും അതിലൂടെ രൂപപ്പെട്ടുവന്ന ഈഴവ ഐക്യമാണ് 1903ൽ എസ്‌എൻഡിപി രൂപീകരണത്തിന് അടിസ്ഥാനമായി മാറിയത്. എന്നാൽ ആ പ്രസ്ഥാനത്തെയും ഇന്ന് കാണിച്ചുകുളങ്ങരയിലെ ഒരു കുടുംബത്തിൻറെ ഫാമിലി ട്രസ്റ്റ് ആക്കി മാറ്റിക്കൊണ്ട് സുനാതനികൾക്ക് അടിയറ വെക്കുകയും ബ്രാഹ്മണ്യത്തിന്റെ വിനീത ദാസരും ആചാരസംരക്ഷകരും ആക്കിത്തീർത്തുകഴിഞ്ഞു. മേൽശാന്തി ആകാൻ പോയവർ മാത്രമല്ല എഴുത്തും വായനയും അറിഞ്ഞിരിക്കണം എന്ന് മാത്രം യോഗ്യതയുള്ള തസ്തികയിൽ ടെസ്റ്റ് എഴുതി കഴകക്കാരാകാൻ പോയ പിജിക്കാരും ഡിഗ്രിക്കാരും വരെ ഈഴവനായ ഒറ്റക്കാരണത്താൽ ഓടിക്കപ്പട്ടിട്ടും ഹിന്ദുവിൻറെ ശ്രേണിയിലെ ഐക്യം തകരുന്നതിനെക്കുറിച്ചാണ് ആ സംഘടനയുടെ നേതാക്കൾ ഇന്ന് ബേജാറാകുന്നത് എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയത്.
ഈഴവരുടെ ആത്മാഭിമാനമുണർത്തിയ വലിയ പോരാട്ടമായിരുന്നു ഈഴവ മെമ്മോറിയൽ. ഗവൺമെന്റിൽ നിന്നുള്ള പല ഭീഷണികളേയും അതിജീവിച്ചാണ് തിരുവിതാംകൂറിൽ 13,000 ഈഴവർ ഈ നിവേദനത്തിൽ ഒപ്പിടാൻ തയാറായത്. ഇത് കേവലം ഒപ്പു ശേഖരണമായിരുന്നില്ല; മറിച്ച് ആദ്യകാല ബഹുജന പ്രക്ഷോഭണമായിരുന്നു. ഇന്നത്തെപോലെ യാത്രാസൗകര്യവും വിനിമയ സജ്ജീകരണവുമില്ലാത്ത കാലത്ത് 13,000 പേരെക്കൊണ്ട് ഒപ്പിടീപ്പിച്ച് ഡോ, പൽപ്പു സമർപ്പിച്ച ഈഴവ മെമ്മോറിയൽ വലിയൊരു ഇടപെടൽ തന്നെയാണ്.
ഈ ഹർജിയെക്കുറിച്ച് പത്രങ്ങൾ എഴുതിയ ലേഖനങ്ങളും സ്വന്തം ലേഖനങ്ങളും ഹർജികളും ഉൾപ്പെടുത്തി, സമരത്തോടനുബന്ധിച്ച് ആശയപ്രചരണത്തിന്റെ ഭാഗമായി ഡോ. പല്പു പ്രസിദ്ധീകരിച്ച ‘ട്രീറ്റ്മെന്റ് ഓഫ് തിയ്യാസ് ഇൻ ട്രാവൻകൂർ’ (1896)എന്ന പുസ്തകം സർക്കാരിന്റെ അനീതിയുടെ ആഴം ജനങ്ങളിലെക്കെത്തിക്കാൻ ഏറെ സഹായിച്ചു.
തിരുവതാംകൂർ ഭരണകൂടത്തിൽ നിന്നും നീതി ലഭിക്കുക ശ്രമകരമായതിനാൽ പിന്നീട് കഴ്സൺ പ്രഭുവിനെ സന്ദർശിച്ച ശേഷം ഡോ. പല്പു പ്രശ്നം ബ്രിട്ടീഷ് സർക്കാരിനെക്കൊണ്ട് തിരുവതാംകൂർ പിന്തുടരുന്ന സവർണ യാഥാസ്ഥിതിക നയങ്ങളെപ്പറ്റി അന്വേഷണം നടത്തിക്കാനും അതുവഴി നയത്തിൽ അയവു വരുത്താനും സാധിച്ചത് അന്നത്തെ നിലയിൽ വൻ വിജയമായിരുന്നു. അതിനു ശേഷമാണ് അവർണവിഭാഗത്തിന് സർക്കാർ സർവീസുകളിലും വിദ്യാലയങ്ങളിലും ചെറിയ തോതിലെങ്കിലും പ്രവേശനം ലഭിച്ചു തുടങ്ങിയത്.
‘ബ്രിട്ടീഷുകാരാണ് നമ്മുടെ ഗുരു’ എന്ന് നാരായണ ഗുരു ചുമ്മാ പറഞ്ഞതല്ല. ഗുരുവിന് സന്യാസം മാത്രമല്ല അന്നത്തെ കീഴാളന് സ്‌കൂളിൽ കയറാനും പറ്റിയത് സുനാതനികളേക്കാൾ കുറച്ചുകൂടി സംസ്കാരമുള്ള ബ്രിട്ടീഷുകാർ ഇൻഡ്യ ഭരിച്ചതുകൊണ്ടാണ്.


