Fri. Nov 20th, 2026

തൃശ്ശൂർ: വോട്ടർപ്പട്ടിക കൊള്ള ആരോപണത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി. ഉയർന്ന് വന്ന ആരോപണങ്ങളിൽ മറുപടി പറയേണ്ടത് താനല്ലെന്നും അത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കൂവെന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു.

‘ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയും. മറുപടി പറയേണ്ടത് അവരാണ്. താൻ മന്ത്രിയാണ് ആ ഉത്തരവാദിത്തം പെർഫെക്ടായി പാലിച്ചിട്ടുണ്ട്. മറുപടി പറയേണ്ടവർ ഇന്ന് മറുപടി നൽകും. കൂടുതൽ ചോദ്യങ്ങളുണ്ടെങ്കിൽ അവരോട് ചോദിച്ചോളൂ. ഇല്ലെങ്കിൽ പിന്നെ അവരത് സുപ്രീം കോടതിയിൽ എത്തിക്കുമ്പോൾ കോടതിയോട് നിങ്ങൾ ചോദിച്ചാൽ മതി. ഇവിടെ നിന്ന് കുറച്ച് വാനരന്മാർ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി അവരോട് അങ്ങോട്ട് പോകാൻ പറ’, സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തൃശ്ശൂരില്‍ ശക്തൻ തമ്പുരാൻ പ്രതിമയിൽ ഹാരം അണിയിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. കെഎസ്ആർടിസി ബസ് ഇടിച്ച് മുൻപ് ശക്തൻ തമ്പുരാൻ പ്രതിമ തകർന്നിരുന്നു. പിന്നീട് സുരേഷ് ഗോപിയാണിത് പുനർനിർമ്മിച്ചത്.