✍️ സുരേഷ് സി.ആർ
ദക്ഷിണേന്ത്യന്‍ സാഹിത്യചരിത്രത്തിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റായിരുന്നു നാരായൻ.
കണ്ടതും കാണുന്നതുമല്ല ആദിവാസി അനുഭവമെന്ന് മലയാളം ആദ്യമായി അറിഞ്ഞത് ആദിവാസി ജീവിതം പ്രമേയമാക്കി ശ്രദ്ധേയ രചനകൾ നടത്തിയ അദ്ദേഹത്തിന്റെ രചനകളിലൂടെയാണ്.
നൂറ്റാണ്ടുകൾ നീണ്ട ചൂഷണത്തിൽ സഹികെട്ട ഒരു ജനത ഉണർച്ചയിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന്റെ സാമൂഹിക സൂചനയാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ. മുതുവാന്മാരും ഊരാളികളും അടങ്ങുന്ന ഗോത്രവർഗ്ഗത്തിന്റെ ജീവിതം മലയാളസാഹിത്യത്തിലേയ്ക്ക് പ്രവേശിച്ചത് നാരായന്റെ കൃതികളിലൂടെയാണ്.
1940 സെപ്റ്റംബർ 26-ന് ഇടുക്കി ജില്ലയിലെ കുടയത്തൂർ മലയുടെ അടിവാരത്ത് ജനനം. നാരായണൻ എന്നായിരുന്നു ശരിയായ പേര്. സ്കൂൾ പ്രവേശനകാലത്ത് തെറ്റി എഴുതിയതിനെ തുടർന്ന് ആ പേരിൽ തന്നെ തുടരുകയായിരുന്നു. കുടയത്തൂര്‍ ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായി. പിന്നീട് തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1995-ല്‍ പോസ്റ്റ് മാസ്റ്ററായി വിരമിച്ചു.

1998-ൽ പ്രസിദ്ധീകരിച്ച ‘കൊച്ചരേത്തി’ എന്ന ആദ്യ നോവലിലൂടെ സമൂഹത്തിന്റെ മേൽത്തട്ടിൽ ജീവിച്ചവരുടെ കീഴ്നോട്ടങ്ങളായിരുന്ന ആദിവാസി ആഖ്യാനങ്ങളെ അദ്ദേഹം തിരുത്തിയെഴുതി. 1999-ൽ നോവലിന് കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.
ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, നിസ്സഹായന്റെ നിലവിളി, ഈ വഴിയിൽ ആളേറെയില്ല, പെലമറുത, ആരാണു തോൽക്കുന്നവർ തുടങ്ങിയവയാണ് മറ്റു കൃതികൾ. ഗോത്രജീവിതത്തെ അക്ഷരങ്ങളിലാക്കിയ നാരായൻ 2022 ഓഗസ്റ്റ് 16-ന് അന്തരിച്ചു.
സ്കൂളിൽ മറ്റു കുട്ടികളേക്കാൾ മിടുക്കനായിരുന്നു നാരായൻ. ദാരിദ്ര്യമായിരുന്നു കൂട്ടുകാരൻ. വിശപ്പായിരുന്നു സഹപാഠി. ഇന്റർവെൽ സമയത്തും ഉച്ചഭക്ഷണനേരത്തുമെല്ലാം ക്ലാസിൽത്തന്നെ വയർ അമർത്തിപ്പിടിച്ചിരിക്കുമായിരുന്നു. വിദ്യാർത്ഥികളുടെ വസ്തുവകകൾ എന്തെങ്കിലും കാണാതെപോയാൽ നാരായൻ പ്രതിയാകും എന്നൊരാൾ പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോൾ ഇരിക്കാനൊരിടം തേടി പുറത്തിറങ്ങി. ചെന്നുനിന്നതു സ്കൂളിനടുത്തുള്ള മഹാത്മാ വായനശാലയിൽ. പുസ്തകങ്ങളോടുള്ള പ്രേമം കൊണ്ടല്ല വായനശാലയിൽ എത്തിയത്. അറിവു നേടാനുള്ള വ്യഗ്രത കൊണ്ടുമല്ല. സ്വസ്ഥമായി ഇരിക്കാനൊരിടം.
വായനശാലയിലെ പെരുമാൾ നാരായന് ഇരിക്കാനിടം കൊടുത്തു; വായിക്കാൻ പുസ്തകങ്ങളും. ആദ്യപുസ്തകം എഴുതാനിരുന്നപ്പോള്‍ കുട്ടിക്കാലത്തു വായിച്ച പുസ്തകങ്ങളിൽനിന്നുള്ള ആസ്വാദകശേഷി നാരായന് ഉപയോഗപ്പെട്ടു. ആ പുസ്തകം മലയാളത്തിൽ ഒരു കാലഘട്ടം തന്നെ സൃഷ്ടിച്ചു. സാഹിത്യത്തിൽ നിന്നു മാറ്റിനിർത്തപ്പെട്ട, അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ചതിന്റെ പേരിൽ. ആ അർഥത്തിൽ ഒരു യുഗത്തിന്റെ സ്രഷ്ടാവ് കൂടിയാണ് നാരായൻ.


