✍️ സുരേഷ്. സി.ആർ
വിമർശനഹാസ്യത്തിലൂടെ മലയാള കവിതക്ക് ചിരിയുടെ മുഖം നൽകിയ കവിയായിരുന്നു ചെമ്മനം ചാക്കോ. കാലത്തിന്റെ പൊരുത്തക്കേടുകളെ നർമബോധത്തോടെ നോക്കിക്കാണുകയും അതിനെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയുള്ള വാക്കുകളിലൂടെ പ്രതികരിക്കുകയും ചെയ്യുന്നതായിരുന്നു ചെമ്മനത്തിന്റെ രചനകൾ. ഇത് പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്തുകയും ചെയ്തു.
കേരള സാഹിത്യ അക്കാദമി, ഓതേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, ഫിലിം സെൻസർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
1926 മാർച്ച് 7-ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ജനനം. മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂൾ, പാളയംകോട്ട സെന്റ് ജോൺസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായും 1968 മുതൽ 1986 വരെ കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
കേരള സാഹിത്യ അക്കാദമി, ഓതേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, ഫിലിം സെൻസർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ് തുടങ്ങിയവയിൽ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
1946-ൽ ‘ചക്രവാളം’ മാസികയിൽ പ്രസിദ്ധീകരിച്ച ‘പ്രവചനം’ ആണ് ആദ്യകവിത. 1947-ൽ ‘വിളംബരം’ എന്ന കവിതാസമാഹാരം പുറത്തിറങ്ങി. 1965-ൽ പ്രസിദ്ധീകരിച്ച ‘ഉൾപ്പാർട്ടി യുദ്ധം’ എന്ന കവിതയിലൂടെയാണ് വിമർശനഹാസ്യത്തിലേക്ക് തിരിഞ്ഞത്. 1967ൽ ‘കനകാക്ഷരങ്ങൾ’ എന്ന വിമർശന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.

പ്രധാന കൃതികൾ: നെല്ല്, അസ്ത്രം, ദുഃഖത്തിന്റെ ചിരി, ആവനാഴി, ദാഹജലം, അമ്പും വില്ലും, ആളില്ലാക്കസേരകൾ, ഒറ്റയാൾ പട്ടാളം, അക്ഷരപ്പോരാട്ടം (കവിതകൾ), ചക്കരമാമ്പഴം, നെറ്റിപ്പട്ടം, വർഗീസ് ആന (ബാലസാഹിത്യം), കിഞ്ചന വർത്തമാനം, ചിരിമധുരം, ഭാഷാതിലകം, വള്ളത്തോൾ-കവിയും വ്യക്തിയും (ലേഖനങ്ങൾ), തോമസ് 28 വയസ്സ് (ചെറുകഥാസമാഹാരം).
കേരള സാഹിത്യ അക്കാദമി കവിത പുരസ്കാരം, ഹാസ്യസാഹിത്യ അവാർഡ്, ഉള്ളൂർ കവിത അവാർഡ്, ആശാൻ പുരസ്കാരം, സഞ്ജയൻ അവാർഡ്, പി.സ്മാരക പുരസ്കാരം, മൂലൂർ അവാർഡ്, ജി.സ്മാരക പുരസ്കാരം, കുട്ടമത്ത് അവാർഡ്, സഹോദരൻ അയ്യപ്പൻ അവാർഡ്, കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.
സാധാരണക്കാരന്റെ ജീവിതത്തിലെ പ്രശ്നങ്ങളെയും, രാഷ്ട്രീയത്തിലെ അഴിമതികളെയും, സാംസ്കാരിക വൈകല്യങ്ങളെയും തന്റെ കവിതകളിലൂടെ തുറന്നുകാട്ടിയ ചെമ്മനം ചാക്കോ 2018 ഓഗസ്റ്റ് 15-ന് അന്തരിച്ചു.
സാമൂഹിക വിമർശനം ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ കവിതകൾ മലയാള സാഹിത്യത്തിൽ ഒരു വേറിട്ട വഴിത്താരയാണ് സൃഷ്ടിച്ചത്. ഹാസ്യവും ആക്ഷേപഹാസ്യവുമാണ് ചെമ്മനം കവിതകളുടെ മുഖമുദ്ര. സമൂഹത്തിലെ വികലമായ പ്രവണതകളെ അദ്ദേഹം തന്റെ കവിതകളിലൂടെ ശക്തമായി വിമർശിച്ചു. ഭാഷയുടെ ലാളിത്യവും, നർമ്മത്തിൽ പൊതിഞ്ഞ വിമർശനങ്ങളും അദ്ദേഹത്തിന്റെ കവിതകളെ സാധാരണക്കാർക്ക് പ്രിയങ്കരമാക്കി. രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകൾ അദ്ദേഹത്തിന്റെ വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്.

