Mon. Nov 23rd, 2026

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ന് സ്റ്റാലിൻ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ സംരംഭം രാജ്യത്ത് തന്നെ ആദ്യത്തേതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. റേഷൻ സാധനങ്ങൾ നേരിട്ട് കടകളിൽ പോയി വാങ്ങാൻ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസമേകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റേഷൻ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതിൽ ഈ വിഭാഗം ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ഇത് സഹായിക്കും.

സംസ്ഥാനത്തെ 34,809 റേഷൻ കടകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത് എന്നാണ് റിപ്പോർട്ട്. 20 ലക്ഷത്തിലധികം മുതിർന്ന പൗരന്മാർക്കും ഏകദേശം 1.3 ലക്ഷം ഭിന്നശേഷിക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും റേഷൻ ഉൽപ്പന്നങ്ങൾ ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ എത്തിക്കും. പദ്ധതിക്ക് ഏകദേശം 30.16 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ ചെലവ് മുഴുവൻ സഹകരണ വകുപ്പാണ് വഹിക്കുക.