✍️ അബ്ദുല്ല അൻസാരി
സി.ദാവൂദിനും മീഡിയവണ്ണിനും എതിരെ മാർക്സിസ്റ്റ് കേന്ദ്രങ്ങൾ ഇത്രയധികം ആക്രമണോത്സുകാരാകാൻ കാരണങ്ങൾ നിരവധിയാണ്. സിപിഎം നിലപാടുകളെ ഏറ്റവുമധികം വിമർശന വിധേയമാക്കുന്നത് ദാവൂദും അയാൾ പ്രതിനിധാനം ചെയ്യുന്ന മാധ്യമ കുടുംബത്തേയുംക്കാൾ ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങളാണ്. എന്നിട്ടും ദാവൂദും മാധ്യമവും മാത്രം കല്ലെറിയപ്പെടുന്നു; എന്തുകൊണ്ട് ?.
ഭരണ വിരുദ്ധ വികാരവും മുഖ്യ മന്ത്രിയുടെ വ്യക്തി കേന്ദ്രീകൃത നിലപാടും കാരണം സർക്കാരിൻറെ ഇമേജ് ഇടിഞ്ഞത് പാർട്ടി അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയാണ്. ഇതിൽനിന്ന് രക്ഷപ്പെടാൻ, കാലങ്ങളായി പാർട്ടി പിന്തുടരുന്ന ‘ഭൂരിപക്ഷ സവർണ്ണ പൊതുബോധത്തെ സുഖിപ്പിക്കൽ’ നയം കൂടുതൽ ശക്തമാക്കുകയാണ് വേണ്ടതെന്ന് പാർട്ടി കരുതുന്നു. അതിനു സഹായിക്കുന്ന ഏറ്റവും നല്ല ട്യൂളുകളാണ് ദാവൂദും മീഡിയണ്ണും അയാൾ പ്രതിധാനം ചെയ്യുന്ന സംഘടനയും സമുദായവും. ഈ നാല് ടാർജറ്റുകളെ കൈകാര്യം ചെയ്യുക വഴി, കടുത്ത ഇസ്ലാമോഫോബിയ സൃഷ്ടിച്ച്, അതുല്പാദിപ്പിക്കുന്ന മുസ്ലിം വിദ്വേഷത്തിലൂടെ, നഷ്ടപ്പെട്ടുപോയ പ്രതിച്ഛായ വീണ്ടെടുക്കാൻ കഴിയുമെന്ന് പാർട്ടി വിചാരിക്കുന്നു.
സിപിഎം നടത്തുന്ന ഇസ്ലാം-മുസ്ലിം വിരുദ്ധ പ്രചാരവേലകൾ കേവലം ദാവൂദിനെയും അയാൾ പ്രതിധാനം ചെയ്യുന്ന സംഘടനയെയും ലക്ഷ്യം വെച്ചുള്ള തല്ല; അതിലപ്പുറമുള്ള മാനങ്ങൾ അതിനുണ്ടെന്ന് വിശ്വസിക്കാൻ ചരിത്രം നമ്മെ നിർബന്ധിക്കുന്നു. സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധത പുതിയ വിഷയമല്ല. പതിറ്റാണ്ടുകളുടെ പഴമയുണ്ടതിന്. 85-86 കാലത്ത് ശരീഅത്തുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ ഇസ്ലാം വിരുദ്ധ ക്യാമ്പയിൻ, മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പാർട്ടിയുടെ നിലപാടിനോട് യോജിക്കാൻ കഴിയാത്തവർക്ക് അന്ന് പുറത്തു പോകേണ്ടിവന്നിട്ടുണ്ട്. കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നു എന്നും, 2049 ആവുമ്പോഴേക്കും ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്നും പറഞ്ഞത് സഖാവ് വിഎസ് അച്യുതാനന്ദനാണ്. മലപ്പുറം ജില്ലയിൽ അയ്യപ്പഭക്തന്മാർ ആക്രമിക്കപ്പെടുന്നു എന്ന് നിയമസഭയിൽ യാതൊരു തെളിവുകളുടെയും പിൻബലാമില്ലാതെ ആക്ഷേപം ഉന്നയിച്ചത് സഖാവ് കണ്ണനാണ്. മലപ്പുറം ജില്ലയുടെ ഉള്ളടക്കം വർഗീയമാണ് എന്ന് പറഞ്ഞത് സഖാവ് കടകംപള്ളി സുരേന്ദ്രനാണ്. യുഡിഫിനെ നയിക്കുന്നത് ഹസ്സൻ-അമീർ-കുഞ്ഞാലികുട്ടി അച്ചുതണ്ടാണെന്ന ആരോപണത്തിലൂടെ സമൂഹത്തിൽ കൊടും വർഗീയത പരത്തിയതും സിപിഎം തന്നെയാണ്. പാണക്കാട് തങ്ങളെ ആദിത്യനാഥനോട് ഉപമിച്ചത് കോടിയേരി യാണ്. ഇന്നോവ കാറിൽ മാഷാ അല്ലാഹ് സ്റ്റിക്കർ പതിച്ച്, പാർട്ടി നടത്തിയ അറുംകൊലയുടെ ഉത്തരവാദിത്വം സമുദായത്തിന് നേരെ തിരിച്ചുവിടാനുള്ള ശ്രമം, കാഫിർ പോസ്റ്റർ ഡിസൈൻ ചെയ്ത് ഇസ്ലാമോഫോബിയയും വർഗീയ ചേരിതിരിവും സൃഷ്ടിച്ച് പൊതുബോധത്തെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാനുള്ള കൗശലം; എല്ലാം നടത്തിയത് സിപിഎം തന്നെയാണ്. കേരളത്തിൽ സാമൂഹ്യനീതി തകർക്കുംവിധം അധസ്ഥിത പിന്നോക്ക സംവരണം അട്ടിമറിച്ച് സവർണ്ണ സംവരണം നടപ്പിലാക്കിയത് മറ്റാരുമല്ല. പാർട്ടി പ്രതിസന്ധി നേരിടുമ്പോഴൊക്കെ ഒരു ‘തീവ്രവാദി മുസ്ലിം’ അപരനെ സൃഷ്ടിച്ച്, സവർണ്ണ അതീശത്ത ഒളിഗാർക്കിയെ ഒപ്പം നിർത്തി, ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതാണ് സി പി എമ്മിന്റെ എക്കാലത്തെയും സമീപനം. പാർട്ടി ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരിക്കൽ വർഗീയവാദികൾ എന്ന് മുദ്രകുത്താത്ത ഒരു മുസ്ലിം ഗ്രൂപ്പുമില്ല. അടുത്തകാലത്തായി ഒരു പടി കൂടി മുന്നോട്ടു കടന്ന്, സമുദായത്തിനുള്ളിൽ തന്നെ ഭിന്നതയും സംഘർഷവും വർദ്ധിപ്പിച്ച്, മുതലെടുപ്പ് നടത്താനുള്ള പഴയ കുറുക്കന്റെ സാമർത്ഥ്യവും ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് കാലത്ത് സിറാജ്, സുപ്രഭാതം തുടങ്ങിയ പത്രങ്ങളിൽ നൽകിയ പരസ്യങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. ‘യഥാർത്ഥ മുസ്ലിംകൾ ജമാഅത്തെ ഇസ്ലാമിയെ എക്കാലത്തും അകറ്റി നിർത്തിയിരുന്നു’ എന്ന സഖാവ് സ്വരാജിന്റെ പ്രസ്താവന ഈ ഇനത്തിലെ ഏറ്റവും അവസാനത്തെ ഒളിയമ്പാണ്.
സി പി എം എന്തുകൊണ്ട് സി ദാവൂദിനെയും അയാൾ പ്രതിനിധാനം ചെയ്യുന്ന വാർത്താ ചാനലിനെയും സംഘടനയും മാത്രം തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള ഉപകരണമായി തിരഞ്ഞെടുത്തു എന്ന ചോദ്യം പരിശോധനാർഹമാണ്. സമുദായത്തെ മാപ്പുസാക്ഷിയാകാൻ നിർബന്ധിക്കുന്ന പൊതുബോധത്തോട്, മുസ്ലിംകൾ നിങ്ങളുടെ സങ്കുചിത നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു ഉപകരണമല്ല, എന്നയാൾ നിരന്തരം സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. സമുദായം നേരിടുന്ന അപരവൽക്കരണത്തെയും അരികുവൽക്കരണത്തെയും പ്രതിരോധിക്കാൻ ന്യൂനപക്ഷത്തിൻ്റെ മൂടുപടം വേണ്ട; ഒരു സമുദായം എന്ന നിലയിൽ തങ്ങളുടെ സ്വയം നിർണയാവകാശവും ഇതര അവകാശങ്ങളും സംരക്ഷിക്കാനും നിലനിർത്താനും, വേണ്ടിവന്നാൽ ഒറ്റക്ക് പൊരുതാൻ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥ, അവർക്ക് അവകാശവും ചുമതലയും നൽകുന്നുണ്ടെന്ന് അയാൾ ഉറക്കെ വിളിച്ചു പറയുന്നു. സമുദായത്തിന്റെ രക്ഷാകർതൃത്വം സ്വയം ഏറ്റെടുക്കുന്ന ഒരു വിലയേട്ടനെ സമുദായത്തിന് ആവശ്യമില്ല; പകരം, സമുദായത്തിന്റെ അസ്തിത്വം അംഗീകരിക്കുന്ന സഹയാത്രികരായാൽ മതി, എന്നയാൾ സമൂഹത്തോട് നിർദ്ദാഷിണ്യം ഓർമ്മിപ്പിക്കുന്നു. പൊലീസിന്റെ ഇസ്ലാമോഫോബിയയെയും, ആഭ്യന്തരവകുപ്പിന്റെ പരാജയത്തെയും, അതിലെ സംഘപരിവാർ സ്വാധീനത്തെയും അയാൾ കലർപ്പില്ലാതെ, തെളിവുസഹിതം തുറന്നുകാണിക്കുന്നു. മുസ്ലിം പേരുള്ള ഒരാൾ വാർത്ത വായിക്കുന്നത് സ്വപ്നം മാത്രമായിരുന്ന കാലത്ത്, ശിരോവസ്ത്രമിട്ട പെൺകുട്ടി വാർത്ത വായിച്ച്, നാട്ടിലെ കപട സെക്കുലർ ബോധത്തെ അയാൾ പ്രതിനിധാനം ചെയ്യുന്ന ചാനൽ ഞെട്ടിക്കുന്നു. ഭരണകൂട ഭീകരത കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ചിട്ടും പതറാതെ, നിയമ പോരാട്ടത്തിലൂടെ, മാപ്പ് പറയാതെ പ്രസ്തുത ചാനൽ തലയുയർത്തി നിൽക്കുന്നു. മുസ്ലിംകളും ഇതര പാർശ്വവൽകൃതരും എക്കാലവും ഏതെങ്കിലും പാർട്ടിയുടെ അടിമകളായിരിക്കണം; ഒരുകാലത്തും സ്വന്തം കാലിൽ നിവർന്നുനിന്ന്, സ്വയം പ്രതിരോധിച്ചു കൂടാ എന്ന തിട്ടൂരത്തെ അയാൾ ശക്തിയുക്തം ഖണ്ഡിക്കുന്നു. സ്വത്വം ഉപേക്ഷിച്ചെങ്കിലേ പൊതുധാരയിൽ ഇടം നൽകൂ എന്ന ഇരട്ടത്താപ്പിനെ വെല്ലുവിളിക്കുന്നു. കൂസലുലില്ലാതെ സിപിഎമ്മിന്റെ കപട മതേതരത്വവാദവും കാലാകാലങ്ങളിൽ സ്വീകരിച്ചു പോന്ന മുഖംമൂടികളും വലിച്ചു കീറുന്നു. എപ്പോഴും മറുപടി പറഞ്ഞുകൊണ്ടേയിരിക്കുക, പ്രതിരോധിച്ചു കൊണ്ടേയിരിക്കുക എന്ന സമുദായത്തിന് പൊതുബോധം നിർണ്ണയിച്ചുകൊടുത്ത തടവറയിൽ നിന്ന് കുതറിമാറി കൃത്യമായ അറ്റാക്ക് മോഡിലേക്ക് അയാളും മീഡിയാവണ്ണും മാറുന്നു. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന, സ്വയം അവരോധിത അവസരവാദ കപട മതേതര കങ്കാണിമാരുടെ ഉള്ളിൽ കോപവും പകയും സൃഷ്ടിക്കാൻ ഇത്രയൊക്കെ തന്നെ ധാരാളം.

ചരിത്രപരമായി പരിശോധിച്ചാൽ കോൺഗ്രസിന്റെ നിഷേധിക്കാൻ കഴിയാത്ത വോട്ടുബാങ്ക് ആയിരുന്നു ഒരുകാലത്ത് മുസ്ലിം സമുദായം. ഭൂരിപക്ഷ വർഗീയത ചൂണ്ടിക്കാണിച്ചു ഭയപ്പെടുത്തി സമുദായത്തെ കേവലം വോട്ട് ബാങ്ക് ആയി മാത്രം പരിഗണിച്ച് നേട്ടം കൊയ്യുകയും മറുഭാഗത്ത് മൃദുല ഹിന്ദുത്വ നിലപാടുകളും ഭൂരിപക്ഷ പ്രീണന സമീപനങ്ങളും കൂടുതൽ കൂടുതൽ പ്രകടമാകാനും തുടങ്ങിയപ്പോൾ, മുസ്ലീങ്ങൾ അടക്കമുള്ള അധസ്ഥിത പാർശ്വവൽകൃത വിഭാഗങ്ങൾ കോൺഗ്രസിനെ കയ്യൊഴിഞ്ഞ്, മറ്റു ബദലുകൾക്കായി അന്വേഷണം ആരംഭിച്ചു. സാർവദേശീയ തലത്തിൽ ശക്തിപ്പെട്ട ഇസ്‍ലാമോഫോബിയയും രാജ്യത്ത് ഹിന്ദുത്വരാഷ്ട്രീയം പിടിമുറുക്കിയതും ഈ അന്വേഷണത്തിന് ആക്കം കൂട്ടി. കഴിഞ്ഞ മൂന്നു ദശകങ്ങളിൽ രാജ്യത്ത് ഏറ്റവും അധികം രാഷ്ട്രീയ പ്രബുദ്ധതയും സ്വയം നിർണയാവകാശത്തെ സംബന്ധിച്ച അവബോധവും വേറിട്ട ബദലുകൾക്കായുള്ള പരീക്ഷണങ്ങളും നടന്നത് അധസ്ഥിത പിന്നോക്ക വിഭാഗങ്ങളിലാണ്. മുഖ്യധാരാ മുത്തശി പാര്‍ട്ടികള്‍ കഴിഞ്ഞ കാലത്ത് ചെയ്തുകൂട്ടിയ ജനവിരുദ്ധ നിലപാടുകളുടെയും സാമൂഹ്യനീതിയെ തകർക്കുംവിധം അധികാരത്തിനുവേണ്ടി നടത്തിയ അന്തംകെട്ട കുതിര കച്ചവടത്തിന്‍റെയും ഉപോത്പന്നമാണ് ന്യൂജന്‍ പാര്‍ട്ടികള്‍. മുഖ്യധാരാ പാര്‍ട്ടികള്‍ സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാനുള്ള ഇരകളുടെ അർത്ഥപൂർണ്ണമായ അന്വേഷണങ്ങളുടെ ഉത്പന്നമാണ് അവ. ശ്രദ്ധേയമായ മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലായിരിക്കാം; പക്ഷേ അവർ ഉയർത്തുന്ന, അനിവാര്യമായും അഭിസംബോധന ചെയ്യേണ്ട രാഷ്ട്രീയ സാമൂഹ്യ യാഥാർഥ്യങ്ങൾ ചെറുതല്ല.
ഒരുകാലത്ത് ഇന്ത്യ മഹാരാജ്യം അടക്കി ഭരിച്ച കോൺഗ്രസ് തലകുത്തി വീണതും മൂന്ന് സംസ്ഥാനങ്ങളിൽ അധികാരം വാഴുകയും പല സംസ്ഥാനങ്ങളിലും നിർണായക സീറ്റുകൾ ഉണ്ടായിരുന്നതുമായ സിപിഎം കേരളത്തിൽ മാത്രം ഒതുങ്ങിയതിന്റെയും കാരണങ്ങൾ മുകളിൽ പരാമർശിച്ചതാണ്. ന്യൂജനറേഷൻ പാർട്ടികളെ അപകീർത്തിപ്പെടുത്തിയതുകൊണ്ടോ പ്രതിശബ്ദങ്ങളെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി അടിച്ചമർത്താൻ ശ്രമിക്കുന്നതുകൊണ്ടോ രക്ഷപെടാൻ കഴിയുന്നതല്ല പ്രശ്നം. കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ച് സംഭവ ലോകത്തിൻറെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് ധാർഷ്ട്യം വെടിഞ്ഞ് സങ്കുചിത താല്പര്യങ്ങളും മുൻധാരണകളും മാറ്റിവെച്ച് രാഷ്ട്രവും സമൂഹവും നേരിടുന്ന യഥാർത്ഥ വെല്ലുവിളികളെ നേരിടാൻ കെൽപ്പ് കാട്ടാൻ തയ്യാറായില്ലെങ്കിൽ നഷ്ടം കോൺഗ്രസ്, സിപിഎം അടക്കമുള്ള പരമ്പരാഗത പാർട്ടികൾക്ക് തന്നെയായിരിക്കും.
യാഥാർത്ഥ്യം എന്താണെന്ന് വെച്ചാൽ സി ദാവൂദും അദ്ദേഹത്തിൻറെ ഇരുട്ടു മുറിയും സൃഷ്ടിച്ച പ്രതിസന്ധി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുന്നു. സൈബർ സഖാക്കളുടെ വിശദീകരണങ്ങളും ഗോവിന്ദൻ, സ്വരാജ് അടക്കമുള്ള നേതാക്കളുടെ പ്രസ്താവനകളും കെടി കുഞ്ഞിക്കണ്ണൻ തുടങ്ങിയ സിപിഎം ബുദ്ധിജീവികളുടെ കുറിപ്പുകളും അത് വ്യക്തമാക്കുന്നുണ്ട്. കൊലവിളിയും ഭീഷണിയും അതിൻറെ ഭാഗമാണ്. ഇടതുവിരുദ്ധ പ്രചാരണം ചെറുക്കാൻ 10000 സ്വതന്ത്രരെ രംഗത്തി കൗണ്ടർ ആക്ഷൻ നടത്താനാണ് പുതിയ തീരുമാനം. അതായത് ദാവൂദും ഒപ്പമുള്ള അടുപ്പു കല്ലുകളും ശക്തമായ തെളിവുകളുടെ പിൻബലത്തിൽ ഉയർത്തുന്ന വിമർശനങ്ങളും വിലയിരുത്തലുകളും അത്രമേൽ കൃത്യവും യാഥാർത്ഥ്യ പൂർണ്ണവും മൂർച്ചയുള്ളതുമാണെന്ന് ആണെന്ന് കാര്യങ്ങൾ നിരീക്ഷിക്കുന്നവർക്ക് അംഗീകരിക്കേണ്ടി വരുന്നു. നിരവധി തവണ അധികാരത്തിലിരുന്ന, ഏറെ ജനകീയ അടിത്തറ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന, കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം ദാവൂദിന്റെയും കേവലം 3000 അംഗങ്ങൾ മാത്രമുള്ള അദ്ദേഹം പ്രതിനിധീകരിക്കുന്ന ആശയാദർശ കൂട്ടായ്മയ്ക്ക് മുമ്പിൽ മുട്ടുമടക്കേണ്ടി വരുന്നു. ഇത് ആ പാർട്ടി പിന്തുടർന്നുപോരുന്ന കാപട്യത്തിന്റെയും ആന്തരിക വൈരുദ്ധ്യങ്ങളുടെയും സൃഷ്ടിയാണ്. ഈ പ്രതിസന്ധി സൃഷ്ടിച്ച മനോഘടനയാണ് കയ്യൂക്കിന്റെയും അക്രമ രാഷ്ട്രീയത്തിന്റെയും ഭാഷയിൽ സംസാരിക്കാൻ പാർട്ടിയെ നിർബന്ധിക്കുന്നത്. ആശയത്തെ ആശയം കൊണ്ടും നിലപാട് കൊണ്ടും നേരിടാൻ കഴിയാത്ത ഒരു സംഘത്തിൻറെ അവസാനത്തെ തുറുപ്പുചീട്ട്.


