തിരുപ്പതി: തിരുപ്പതി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ട്രെയിനുകളില്‍ തീപിടിച്ച് അപകടം. രാജസ്ഥാനിലെ ഹിസാറിൽ നിന്ന് തിരുപ്പതിയിലേക്ക് വന്ന ട്രെയിനിന്റെ ഒരു കോച്ചില്‍ തീ ആളി പടർന്നത് പരിഭ്രാന്തി പരത്തി. തൊട്ടടുത്ത ട്രാക്കിലുള്ള റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ചിലേക്കും തീ പടര്‍ന്നു. ഹിസാര്‍-തിരുപ്പതി ട്രെയിനിന്റെ കമ്പാർട്ട്മെന്റുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചപ്പോള്‍, റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ച് ഭാഗികമായി കത്തിനശിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ റെയില്‍വേ അടിയന്തര നടപടി സ്വീകരിച്ചു. തീ നിയന്ത്രണവിധേയമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം തമിഴ്‌നാട് തിരൂവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. രാവിലെ 5.30-ഓടെയായിരുന്നു സംഭവം. ഡീസല്‍ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. സംഭവത്തെത്തുടര്‍ന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ജനവാസമേഖലയ്ക്ക് അടുത്താണ് അപകടമുണ്ടായത്. മൂന്ന് വാഗണുകള്‍ പാളം തെറ്റിയതിന് പിന്നാലെ ഇന്ധന ചോര്‍ച്ചയുണ്ടായി ട്രെയിനിന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണങ്ങളേപ്പറ്റി ഒട്ടേറെ സംശയങ്ങളുണ്ടായിരുന്നു. ഇതിന് പിന്നില്‍ അട്ടിമറിയാണോയെന്ന സംശയം നിലനില്‍ക്കെയാണ് മറ്റൊരിടത്ത് ട്രെയിനുകള്‍ക്ക് തീപ്പിടിച്ചിരിക്കുന്നത്.

